തിരുവല്ല: മല്ലപ്പള്ളിയില്‍ ഇന്ത്യന്‍ ഭരണഘടനെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലിന്റെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശമെങ്കിലും ഇന്ന് കേസെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഭരണഘടനാ നിന്ദാ പ്രസംഗം വിവാദം സൃഷ്ടിച്ചിട്ടും മന്ത്രിക്കെതിരേ പോലിസ് കേസെടുക്കാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. സജി ചെറിയാനെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സിപിഎം നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇന്നുതന്നെ രാജി തീരുമാനമുണ്ടായത്. ഭരണഘടനയ്‌ക്കോ ദേശീയപതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്‌നങ്ങള്‍ക്കോ എതിരേ പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് 1971 ലെ ദ് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷനല്‍ ഹോണര്‍ ആക്ട് പ്രകാരം മൂന്നുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.