മധു വധക്കേസ്: മജിസ്റ്റീരിയല്‍ അന്വേഷണ റിപോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്

Update: 2022-11-03 15:39 GMT

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപോര്‍ട്ടും ഒറ്റപ്പാലം സബ് കലക്ടറുടെ അന്വേഷണ റിപോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. മജിസ്‌ട്രേറ്റിനെയും സബ് കലക്ടറെയും വിസ്തരിക്കുന്നതിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിഎംപി ഫയല്‍ ചെയ്തിരുന്നു. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റായിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ അന്വേഷ റിപോര്‍ട്ടുകളാണ് കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇവ രണ്ടും ഏഴിന് ഹാജരാക്കുന്നതിനും ഇവര്‍ക്ക് സമന്‍സ് അയക്കുന്നതിനും കോടതി ഉത്തരവായി.

ഹരജിക്കുശേഷം കോടതിയില്‍ വലിയ വാദപ്രതിവാദമാണ് നടന്നത്. മജിസ്റ്റീരിയല്‍ അന്വേഷണ റിപോര്‍ട്ട് കേസ് രേഖകളുടെ ഭാഗമാണെന്നും അത് ഹാജരാക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി ഉദ്ധരിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ വാദിച്ചിരുന്നു. തെളിവ് മൂല്യം (എവിഡന്ററി വാല്യു) ഇല്ലാത്ത റിപോര്‍ട്ടാണിതെന്നും ഹരജിയിലെ ആവശ്യം അനുവദിക്കരുതെന്നും പ്രതിഭാഗവും ആവശ്യപ്പെട്ടു.

സാക്ഷി വിസ്താരം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ മറ്റൊരു രേഖ കൂട്ടിച്ചേര്‍ക്കുന്നതു കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണെന്നും പ്രതിഭാഗം വാദിച്ചു. നേരത്തെ കേസ് രേഖയുടെ ഭാഗമാവേണ്ട റിപോര്‍ട്ട് രേഖയില്‍ ഉള്‍പ്പെടുത്തുന്നതിനെ എന്തിന് എതിര്‍ക്കണമെന്ന് പ്രോസിക്യൂഷനും ചോദിച്ചു. എന്തിനാണ് ഈ റിപോര്‍ട്ടിന്‍മേല്‍ കോടതി സമയം ചെലവഴിക്കുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. കേരളത്തില്‍ അത്യപൂര്‍വ വിധിയാണിതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു.

Tags:    

Similar News