അട്ടപ്പാടി മധു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും

Update: 2022-11-21 04:53 GMT

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ടി കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണ കോടതിയില്‍ വിസ്തരിക്കും. കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് അഗളി ഡിവൈഎസ്പിയായിരുന്ന സുബ്രഹ്മണ്യനായിരുന്നു. മജിസ്റ്റീരിയല്‍ റിപോര്‍ട്ട് തയ്യാറാക്കിയ ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ വിസ്താരം ഈ മാസം 24ന് ശേഷം തീരുമാനിക്കും.

മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ 2018ല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത്. ഇദ്ദേഹത്തെ വിസ്തരിക്കുന്നതിനെതിരേ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായി. 24ന് ഹൈക്കോടതി വിധി പറയും. മധുവിനെ മുക്കാലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു.

മധുവിനു നേരേ ആള്‍ക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. മധു മരിക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നും നാലുപേജുള്ള റിപോര്‍ട്ടില്‍ പറയുന്നു. മറ്റൊരു മജിസ്റ്റീരിയല്‍ റിപോര്‍ട്ട് തയ്യാറാക്കിയ മണ്ണാര്‍ക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം രമേശിനെ കഴിഞ്ഞ ദിവസം വിചാരണ കോടതി വിസ്തരിച്ചിരുന്നു. ഈ റിപോര്‍ട്ടിലും സമാനമായ കണ്ടത്തലാണുണ്ടായിരുന്നത്.

Tags:    

Similar News