അമ്പലവയല്‍ ആക്രമണം:മുഖ്യ പ്രതി സജീവാനന്ദന്‍ പിടിയില്‍
കണാടകത്തിലെ മധൂരിലുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍നിന്ന് മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
അമ്പലവയല്‍: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി സജീവാനന്ദന്‍ പിടിയില്‍. കണാടകത്തിലെ മധൂരിലുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍നിന്ന് മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ച സംഭവത്തിനുശേഷം ഒളിവില്‍പോയ സജീവാനന്ദന്‍ ഏതാനും ദിവസങ്ങളായി മധൂരിലെ കൃഷിയിടത്തില്‍ ജോലിക്കാരനെന്ന വ്യാജേന ഒളിച്ചു കഴിയുകയായിരുന്നു.
ജൂലായ് 21നാണ് അമ്പലവയല്‍ ടൗണില്‍വച്ച് യുവാവിനും യുവതിക്കും ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയ പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സദാചാര ഗുണ്ടാ ആക്രമണമാണ് നടന്നതെന്ന വിവരം ഇതോടെ പുറത്തുവന്നിരുന്നു.
ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ അമ്പലവയലില്‍ ഇവര്‍ താമസിച്ച ലോഡ്ജില്‍ കടന്നുകയറി യുവതിയെ പീഡിപ്പിക്കാനും സജീവാനന്ദന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളെ അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കും. സജീവാനന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് അറസ്റ്റ്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസില്‍ രണ്ടു പേരെക്കൂടി പോലീസ് പ്രതിചേര്‍ത്തിരുന്നു. ഇവരില്‍ ലോഡ്ജ് നടത്തിപ്പുകാരനായ കുമാര്‍ എന്നയാളെ നേരത്തെ തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. കേസില്‍ ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്.