ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം ഉത്തര്‍പ്രദേശില്‍; റിപ്പോര്‍ട്ട് പുറത്ത്‌വിട്ട് ബെംഗളൂരു ബിഷപ്പ്
ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ഇന്ത്യയില്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാടൊ ഞായറാഴ്ച്ചയാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജനുവരി മുതല്‍ സെപ്തംബര്‍ വരെ രാജ്യത്തുടനീളം 305 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
സര്‍ക്കാരിതര സംഘടനകളായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഹിന്ദുത്വ ആക്രമണങ്ങളെ കുറിച്ച് പഠനം നടത്തിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഹെല്‍പ്പ് ലൈനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനമാക്കിയാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഫോറത്തിന്റെ ഹെല്‍പ്പ് ലൈനില്‍ 1,362 കോളുകള്‍ ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
288 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും 28 കേസുകളില്‍ ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും 'ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 305 കേസുകളില്‍ 66 സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നും 47 എണ്ണം ഛത്തീസ്ഗഡില്‍ നിന്നും 32 എണ്ണം കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സെപ്തംബറില്‍ മാത്രം 69 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്തില്‍ 50 ഉം ജനുവരിയില്‍ 37 കേസുകളും റിപ്പോര്‍ട്ട് ചെയ്തു'. സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണങ്ങളില്‍ 1,331 സ്ത്രീകള്‍ക്കും 588 ഗോത്രവര്‍ഗക്കാര്‍ക്കും 513 ദളിതര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് കണ്ടെത്തിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങള്‍ പലതും രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ്
ക്രിസ്ത്യന്‍ ഫോറത്തിന്റെ ഹെല്‍പ്പ് ലൈനിലേക്കുള്ള കോളുകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതിനാല്‍ നിരവധി ആക്രമണ സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാതെ പോയെന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ട ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.
'ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും വലതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്. നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടു' ആര്‍ച്ച് ബിഷപ്പ് മച്ചാഡോ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബിജെപി അധികാരത്തിലുള്ള കര്‍ണാടകയിലാണെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. 'കര്‍ണാടക ഗവണ്‍മെന്റിന്റെ ചില നയങ്ങളും ചില പ്രസ്താവനകളും സര്‍ക്കാരിന്റെ ചില നിലപാടുകളും അക്രമികള്‍ക്ക് പ്രോര്‍സാഹനമായി'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ഹുബ്ബള്ളി, ധാര്‍വാഡ്, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ഭീതിപ്പെടുത്തുന്നതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.