അട്ടപ്പാടി മധു വധക്കേസ്: 15ാം സാക്ഷിയും കൂറുമാറി

Update: 2022-07-21 08:38 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 15ാം സാക്ഷി മെഹറുന്നിസയാണ് കൂറുമാറിയത്. പോലിസില്‍ താന്‍ ഇതുവരെ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്ന് മെഹറുന്നിസ കോടതിയെ അറിയിച്ചു. ഇന്നലെ 14ാം സാക്ഷി ആനന്ദന്‍ കുറുമാറിയിരുന്നു. വനംവകുപ്പ് വാച്ചറായ 12ാം സാക്ഷി അനില്‍കുമാറിനെ കൂറുമാറിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനെതിരേ അനില്‍കുമാര്‍ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.

പോലിസിന്റെ നിര്‍ബന്ധം മൂലമാണ് രഹസ്യമൊഴി നല്‍കിയതെന്നും മധുവിനെ അറിയില്ലെന്നും അനില്‍കുമാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നത്. നേരത്ത 10ാം സാക്ഷി ഉണ്ണികൃഷ്ണന്‍, 11ാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. പോലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നല്‍കിയതെന്നാണ് ഇരുവരും കോടതിയില്‍ പറഞ്ഞത്. നിലവില്‍ അഞ്ച് സാക്ഷികളാണ് കൂറുമാറിയത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെയാണ് പ്രധാന സാക്ഷികള്‍ കൂറുമാറിയത്.

പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്നാരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഡ്വ. രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സി രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം.

രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീഷനല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതിനെതിരേ മധുവിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Tags:    

Similar News