സിദ്ദിഖ് കാപ്പനെ ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമം; മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സമിതി
2020 ഒക്ടോബര്‍ 5നാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന കാപ്പനെ കാണാനുള്ള ഒരു ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. അദ്ദേഹത്തെ കാണാന്‍ വക്കീലിനെ പോലും അനുവദിക്കുന്നില്ലെന്നും ഐക്യദാര്‍ഢ്യ സമിതി നേതാക്കള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ഐക്യദാര്‍ഢ്യസമിതി നേതാക്കളായ ശ്രീജ നെയ്യാറ്റിന്‍കര, സോണിയാ ജോര്‍ജ്, സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി 16ാം തിയ്യതി പരിഗണനയ്ക്കു വരുന്നുണ്ട്. അന്ന് ഗുണകരമായ എന്തെങ്കിലും സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും കാപ്പന്റെ മോചനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ച മുന്നേറ്റം സാധ്യമായിട്ടില്ല. അതിനാവശ്യമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പത്രപ്രവര്‍ത്തക യൂനിയനും കാപ്പന്റെ കുടുംബവും രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. അദ്ദേഹം ഇടപെടല്‍ നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ടിരുന്നു. അദ്ദേഹവും പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്നു പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) പ്രസിഡന്റ് കെ പി റെജി പറഞ്ഞു.
ഭരിക്കുന്ന രാഷ്ട്രീയകക്ഷിക്കെതിരേയുള്ള വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെ ചെറുത്തുതോല്‍പ്പിക്കുകയെന്നത് മാധ്യമപ്രവര്‍ത്തകരുടെ കടമയാണ്. കാപ്പന് നിയമപരമായി ലഭ്യമാവേണ്ട അവകാശങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. അദ്ദേഹത്തിന് മരുന്ന് പോലുള്ള അവശ്യവസ്തുക്കള്‍ നല്‍കുന്നില്ല. വക്കാലത്ത് ഒപ്പിടീക്കാന്‍ വക്കീലിനെ കാണാന്‍ പോലും അനുവദിക്കുന്നില്ല. കാപ്പനെ അടക്കം 500ഓളം പേരെ അടച്ച ഒരു താല്‍ക്കാലിക ജയിലില്‍ നിന്ന് കരയുന്ന ശബ്ദം കേട്ടതായി അദ്ദേഹത്തെ കാണാന്‍ ശ്രമിച്ച അഭിഭാഷകന്‍ വില്‍സ് മാത്യു അറിയിച്ചിരുന്നു. അത്ര ഭയാനകമാണ് അവസ്ഥ. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. വിഷയത്തില്‍ ഇടപെടില്ലെന്ന പഴയ നിലപാട് മുഖ്യമന്ത്രി തിരുത്തണമെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തണമെന്നും ഐക്യദാര്‍ഢ്യസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
2020 ഒക്ടോബര്‍ 5നാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. കാപ്പന്റെ കാര്യത്തില്‍ യുപി പോലിസിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. കാപ്പന്റെ കുടുംബത്തിന് പിന്തുണ നല്‍കിയ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന പോലും യോഗി സര്‍ക്കാര്‍ വളച്ചൊടിച്ചു. ഈ സമയത്ത് കാപ്പനും കുടുംബത്തിനും ജനങ്ങളുടെ മുഴുവന്‍ പിന്തുണയും വേണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Attempt to implicate Siddique Kappan in Delhi riots case; Solidarity Committee seeks CM's intervention