ന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരേ ആക്രമണം

Update: 2022-08-12 16:01 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരേ ആക്രമണം. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണം നടത്താനിരിക്കെയാണ് വേദിയിലേക്ക് ഒരാള്‍ ഇരച്ചുകയറി സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്. വേദിയില്‍ റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടയിലായിരുന്നു സംഭവം. റുഷ്ദിയുടെ നെഞ്ചില്‍ അക്രമി രണ്ടുതവണ കുത്തിയതായും ഇടിച്ചതായും റിപോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് തറയില്‍ വീണ റുഷ്ദിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അക്രമിയെ പോലിസ് പിന്നീട് പിടികൂടി. റുഷ്ദിക്ക് മേല്‍ വധഭീഷണി നിലനില്‍ക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി തറയില്‍ വീഴുകയും കൂടെയുണ്ടായിരുന്നവര്‍ അക്രമിയെ കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ടറാണ് ആക്രമണസംഭവങ്ങള്‍ വിശദീകരിച്ചത്. 1980കളില്‍ ഇറാനില്‍ നിന്ന് സല്‍മാന്‍ റുഷ്ദിക്കെതിരേ വധഭീഷണി ഉയര്‍ന്നിരുന്നു. റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്‌സ്' എന്ന പുസ്തകം 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്. ഇത് മതനിന്ദയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

ഇറാന്റെ അന്തരിച്ച നേതാവ് ആയത്തുല്ല ഖുമേനി റുഷ്ദിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് ഫത്‌വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് മൂന്ന് മില്യന്‍ ഡോളറിലധികം പാരിതോഷികവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റുഷ്ദി വിരുദ്ധ വികാരം ഇറാനില്‍ ഇപ്പോഴുമുണ്ട്. 2012ല്‍ അര്‍ധഔദ്യോഗിക ഇറാനിയന്‍ മതസ്ഥാപനം റുഷ്ദിക്കുള്ള പാരിതോഷികം 2.8 മില്യനില്‍ നിന്ന് 3.3 മില്യന്‍ ഡോളറായി ഉയര്‍ത്തി. എന്നാല്‍, ഈ ഭീഷണികള്‍ റുഷ്ദി തള്ളിക്കളയുകയാണ് ചെയ്തത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യുഎസിലാണ് താമസിക്കുന്നത്.

Tags:    

Similar News