അധ്യാപകനും എഴുത്തുകാരനുമായ എസ് ഇ ജയിംസ് അന്തരിച്ചു

ദീര്‍ഘകാലം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വിഭാഗം അധ്യാപകനുമായിരുന്നു

Update: 2020-02-08 14:16 GMT

കോഴിക്കോട്: എഴുത്തുകാരനും ദീര്‍ഘകാലം മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വിഭാഗം അധ്യാപകനുമായിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ പള്ളിവീട്ടില്‍ എസ് ഇ ജയിംസ് (71) അന്തരിച്ചു. വെള്ളിമാട്കുന്ന് നെടൂളിയില്‍ അമ്മു വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഒറ്റയ്ക്കായിരുന്ന താമസം.

1980ല്‍ ക്രിസ്ത്യന്‍ കോളജില്‍ മലയാള വിഭാഗത്തില്‍ പ്രാഫസറായെത്തിയ അദ്ദേഹം 2003ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. അധ്യാപകനാവുന്നതിന് മുമ്പ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.

സംവത്സരങ്ങള്‍, മൂവന്തിപ്പൂക്കള്‍ എന്നീ നോവലുകളും, വൈദ്യന്‍കുന്ന് എന്ന ചെറുകഥാ സമാഹാരവും രചിച്ചിട്ടുണ്ട്. അയ്യങ്കാളിയുടെ ജീവിതം, തെക്കന്‍ തിരുവിതാംകൂറിന്റെയും അവിടുത്തെ മനുഷ്യരുടെയും ചരിത്രവും മിത്തും ദളിത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന 'സംവത്സരങ്ങള്‍' എന്ന നോവലിന് മാമ്മന്‍ മാപ്പിള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1978-79 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായിരുന്നു. നാടകം, സിനിമ, സീരിയല്‍ രംഗത്തും സജീവമായിരുന്നു. നിരവധി റേഡിയോ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഗുല്‍ഗുല്‍മാഫി എന്ന സീരിയല്‍ സംവിധാനം ചെയ്തു. പിതാവ്: പരേതനായ എസ് ജയിംസ്. മാതാവ്: പരേതയായ ചിന്നമ്മ. മകന്‍: അലക്‌സ് ജയിംസ് (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: സണ്ണി, ജോയ്, ബോബി, ഗേര്‍ളി (എല്ലാവരും തിരുവനന്തപുരം).

Tags:    

Similar News