ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യയിലെ വാഹനവിപണി
വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉന്നത സംഘടന പുറത്തുവിട്ട കണക്കുകള്‍ ഈ മേഖലയിലെ അഭൂതപൂര്‍വമായ മാന്ദ്യത്തിനാണ് അടിവരയിടുന്നത്. 1997-98ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് ഇന്ത്യയിലെ വാഹനവിപണി കൂപ്പുകുത്തിയതായി റിപോര്‍ട്ട്. ഇക്കഴിഞ്ഞ ആഗസ്തില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ 21 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉന്നത സംഘടന പുറത്തുവിട്ട കണക്കുകള്‍ ഈ മേഖലയിലെ അഭൂതപൂര്‍വമായ മാന്ദ്യത്തിനാണ് അടിവരയിടുന്നത്. 1997-98ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആറു മാസത്തിനിടെ വാഹന വിപണ മേഖല വന്‍ പ്രതിസന്ധിയിലേക്ക് നടന്നടുക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചും ഉല്‍പ്പാദനം കുറച്ചുമാണ് നിരവധി വാഹന നിര്‍മാണ കമ്പനികള്‍ പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമിച്ചത്. പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 31.57 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ആഗസ്തില്‍ 2,87,198 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ ഈ ആഗ്‌സതിലെ വില്‍പ്പന 1,96,524 യൂണിറ്റ് മാത്രമാണ്.
പാസഞ്ചര്‍ കാര്‍ വില്‍പ്പനയിലും കടുത്ത മാന്ദ്യമാണ് അനുഭവപ്പെട്ടത്. ഇത് 41.09 ശതമാനം ഇടിവാണ് ഇപ്പോഴുണ്ടായത്. ഈ വര്‍ഷം ആഗ്‌സതില്‍ 115,957 കാറുകള്‍ മാത്രം വില്‍പ്പന നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 196,847 കാറുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിരുന്നു.
ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. വില്‍പ്പനയില്‍ 22.24 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2019 ആഗസ്തില്‍ 1,514,196 എണ്ണം വില്‍പ്പന നടത്തിയപ്പോള്‍ 2018 ആഗ്‌സ്തില്‍ ഇത് 1,947,304 ആയിരുന്നു. സ്‌കൂട്ടറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, മോപ്പെഡുകള്‍ എന്നിവയില്‍ 22 ശതമാനത്തോളം കുറവുണ്ടായി. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും 54.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.