ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ മല്‍സ്യബന്ധന-വിതരണ മേഖലയെ ഒഴിവാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മല്‍സ്യബന്ധനവും വിതരണവുമാവാമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മല്‍സ്യബന്ധനം, മല്‍സ്യകൃഷി, മല്‍സ്യത്തിന്റെയും മല്‍സ്യോല്‍പ്പന്നങ്ങളുടെയും വില്‍പന എന്നിവയ്‌ക്കെല്ലാം ഇളവ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 14നു ചൊവ്വാഴ്ചയാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ രാജ്യത്ത് അവസാനിക്കുക. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കാനിടയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ലെന്നും സൂചനയുണ്ട്. വ്യോമയാന മേഖല കടുത്ത നിയന്ത്രണത്തോടെ പുനരാരംഭിച്ചേക്കുമെന്നും ഒരു സീറ്റ് ഇടവിട്ട് ക്രമീകരണം നടത്തിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ രോഗവ്യാപനത്തിന്റെ തോത് കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.