ആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരേ സമരം ചെയ്യുന്ന സിപിഎം പ്രവര്‍ത്തകരും
കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍ത്തോട് കടലോര മേഖലയില്‍ കോര്‍പറേഷന്‍ സ്ഥാപിക്കാനൊരുങ്ങുന്ന സ്വീവേജ് പ്ലാന്റിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്ന മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ സിപിഎം പ്രവര്‍ത്തകരും രംഗത്ത്. സ്വീവേജ് പ്ലാന്റ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ സമരം ചെയ്യുന്ന സിപിഎം പ്രവര്‍ത്തകരാണ് സര്‍ക്കാരിനെതിരേയും മന്ത്രി പി കെ മുഹമ്മദ് റിയാസിനെതിരേയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്.
ആവിക്കലില്‍ സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ലെന്നും ഒറിജിനല്‍ സിപിഎമ്മുകാരാണെന്നുമാണ് അവര്‍ പറഞ്ഞത്. ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി പ്ലാന്റ് വരാന്‍ പാടില്ലെന്ന അഭിപ്രായക്കാരാണെന്ന് സിപിഎം പുതിയകടവ് ബ്രാഞ്ച് അംഗമായ വി പി ഹുസൈന്‍ പ്രതികരിച്ചു. ഇവിടെയുള്ളവര്‍ തീവ്രവാദികളാണ്, വന്നുകൂടിയവരാണ് എന്നെല്ലാമാണ് പറയുന്നത്. ആരാണ് പറഞ്ഞുണ്ടാക്കുന്ന ആളുകള്‍. ഇവിടെയുള്ള ആയിരക്കണക്കിനാളുകള്‍ സിപിഎമ്മുകാരാണ്. കടലില്‍ പോയി ജീവിക്കുന്ന ആളുകളാണ്.
തീവ്രവാദികള്‍ കടലില്‍ വന്നാല്‍ പിടിച്ചുകെട്ടുന്നവരാണ് ഞങ്ങള്‍. മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ബറ്റാലിയനാണ് മല്‍സ്യത്തൊഴിലാളികളെന്ന്. തനിക്ക് 72 വയസായി. ഇന്നലെ വരെ സിപിഎമ്മിനാണ് വോട്ടുചെയ്തത്. സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ഒറ്റക്കെട്ടായി രാവും പകലും ഊണും ഉറക്കവും വെടിഞ്ഞ് പ്രചാരണം നടത്തിയവരാണ് തങ്ങള്‍. ഇപ്പോള്‍ അവരെ ജയിപ്പിച്ചുവിട്ടിട്ട് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കിയിട്ടില്ല. അടികൊണ്ട് പ്രവര്‍ത്തകര്‍ ജയിലിലും ആശുപത്രിയിലും കിടക്കുകയാണ്.
മന്ത്രി പി എ മുഹമ്മദ് റിയാസിനെ നൂറുവട്ടം വിളിച്ചു. ഫോണെടുക്കുന്നില്ല. ജില്ലാ കമ്മിറ്റി അംഗങ്ങളും ഫോണെടുക്കുന്നില്ല. സിപിഎമ്മിന്റെ മക്കളാണ് ആശുപത്രിയില്‍ കിടക്കുന്നത്. പോലിസ് കാല്‍ അടിച്ചൊടിച്ചിട്ട് ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ രാഷ്ട്രീയമില്ല, എല്ലാവരും ഒറ്റക്കെട്ടായി പ്ലാന്റ് വരാന്‍ പാടില്ലെന്ന അഭിപ്രായക്കാരാണ്. പിന്നെ എന്തിനാണ് കടുംപിടിത്തം പിടിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ എന്തിനാണ് ഈ പ്ലാന്റ് കൊണ്ടുവരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കൊന്നും ഇത് ഇവിടെ വേണ്ട. അടുപ്പുകൂട്ടിയ പോലെ വീടാണിവിടെ്. മൂന്ന് സെന്റില്‍ മൂന്ന് വിടാണ്. തങ്ങളുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കേണ്ടതല്ലേയെന്നും അവര്‍ ചോദിക്കുന്നു.
കോഴിക്കോട് ആവിക്കല്‍തോട് സ്വീവേജ് പ്ലാന്റിനെതിരായ സമരം സംബന്ധിച്ച് എം കെ മുനീര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി എം വി ഗോവിന്ദന്‍ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സമരത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. തീവ്രവാദ സാന്നിധ്യം സമരത്തിന് പിന്നില്‍ ഉണ്ടായിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് കൊണ്ടുവന്നത്.
എം കെ മുനീര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. തീവ്രവാദപ്രവര്‍ത്തനമാണ് സമരത്തിലേക്ക് എത്തിച്ചത്. പ്ലാന്റിനെതിരേയുള്ള സമരത്തില്‍ 14 കേസുകളെടുത്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലിസിനെ ആക്രമിച്ചു. സംഭവത്തില്‍ എട്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ വ്യക്തമാക്കി.