'മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം'; ജുമുഅ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി ആയത്തുല്ലാ അലി ഖാംനഈ

Update: 2024-10-04 14:02 GMT

തെഹ്‌റാന്‍: ഇസ്രായേല്‍-ഇറാന്‍ യുദ്ധഭീതിക്കിടെ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായി ജുമുഅ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. തെഹ്‌റാനിലെ പള്ളിയില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ച ആയത്തുല്ലാ അലി ഖാംനഈ ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരേ ആഞ്ഞടിച്ചു. ശത്രുവിനെതിരേ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹമാസിനെയോ ഹിസ്ബുല്ലയെയോ ഇസ്രയേലിനു തോല്‍പ്പിക്കാനാവില്ല. സയ്യിദ് ഹസന്‍ നസ്‌റുല്ല ഇന്ന് നമ്മോടൊപ്പമില്ല. എന്നാല്‍, അദ്ദേഹത്തിന്റെ പാത എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണ്. സയണിസ്റ്റ് ശത്രുവിനെതിരെയുള്ള പതാകയായിരുന്നു അദ്ദേഹം. നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ശക്തിപ്പെടുത്തി ശത്രുവിനെതിരേ നാം നിലകൊള്ളണം. ഇറാനും സഖ്യ കക്ഷികളും ഇസ്രായേലിനെതിരായ നീക്കത്തില്‍നിന്ന് പിന്നോട്ടില്ല. നേതാക്കള്‍ കൊല്ലപ്പെട്ടാലും ചെറുത്തുനില്‍പ്പില്‍നിന്ന് പിന്‍മാറില്ല. അധിനിവേശത്തിനെതിരേ നിലയുറപ്പിച്ച ഫലസ്തീനികള്‍ക്കും ലെബനാനുമെതിരേ

    നിലകൊള്ളാല്‍ ഒരു അന്താരാഷ്ട്ര നിയമത്തിനും സാധിക്കില്ല. മേഖലയിലെ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ഉപകരണമാണ് ഇസ്രായേല്‍. സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെടുക തന്നെ ചെയ്യും. അതിന് വേരുകളില്ലെന്നും അസ്ഥിരമാണെന്നും യുഎസ് പിന്തുണയുള്ളതിനാല്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല മുന്‍ മേധാവി ഹസന്‍ നസ്‌റുല്ലയെ അനുസ്മരിച്ച ആയത്തുല്ലാ അലി ഖാംനഈ ഇസ്രായേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ശേഷം ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണത്തിനു ശേഷം 2020 ജനുവരിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയിരുന്നു. ഇസ്രായേലിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ആയത്തുല്ലാ അലി ഖാംനഇക്കു നേരെ ആക്രമണ ഭീഷണിയുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത്. പ്രസംഗം കേട്ട ജനങ്ങള്‍ 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

Tags:    

Similar News