ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. അമിത് ഷാ ഹിറ്റലറുമായും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയോണുമായും താരതമ്യം ചെയ്താണ് വിമര്‍ശിച്ചത്. രാജ്യത്തെയും ആഭ്യന്തര മന്ത്രിയേയും ഇത്തരം നിയമങ്ങളില്‍ നിന്ന് രക്ഷിച്ചോളൂവെന്നും അല്ലെങ്കില്‍ ന്യൂറംബെര്‍ഗ് വിചാരണ പോലെ, ഇസ്രായേല്‍ ത്വബില്‍ പോലെ, നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരും ഹിറ്റ്‌ലറുമായും ഡേവിഡ് ബെന്‍ ഗുറിയോണുമായും ചേര്‍ത്തു വായിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം ഭാഷാപ്രയോഗങ്ങള്‍ പാര്‍ലമെന്ററി മര്യാദയ്ക്ക് യോജിച്ചതല്ലെന്നു പറഞ്ഞ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉവൈസിയെ താക്കീത് ചെയ്തു. തുടര്‍ന്ന് ഹിറ്റ്‌ലര്‍ പരാമര്‍ശം രേഖകളില്‍ നിന്ന് ഒഴിവാക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു.