ബാബരി ധ്വംസനം; കോഴിക്കോട് ജില്ലയില്‍ 13 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ
കോഴിക്കോട്: നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് സംഘ്പരിവാര്‍ അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മ്മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ കോഴിക്കോട് ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
കൊടുവള്ളിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ പഴക്കമുണ്ടെന്ന് പി അബ്ദുല്‍ ഹമീദ് പറഞ്ഞു. 1949ല്‍ പള്ളിക്കുള്ളില്‍ അനധികൃതമായി വിഗ്രഹം വെക്കുകയും മസ്ജിദിന്റെ ഭൂമിയില്‍ ശിലാന്യാസം നടത്തുകയും പിന്നീട് പട്ടാപ്പകല്‍ സായുധ അക്രമികള്‍ പള്ളി തകര്‍ത്തതും മസ്ജിദിന്റെ ഭൂമി അന്യായമായി അക്രമികള്‍ക്കു തന്നെ വിട്ടു കൊടുത്തതും വരെയുള്ള നീണ്ട ചരിത്രം നീതി നിഷേധത്തിന്റേതാണ്. പള്ളി തകര്‍ത്ത അക്രമികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാരത്തിന് മസ്ജിദ് ധ്വംസനം എന്നും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. യുപി തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വീണ്ടും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനു നേരേ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. ബാബരി ധ്വംസനമെന്ന അനീതി നേടിയ വിജയമാണ് അക്രമികള്‍ക്ക് ഊര്‍ജ്ജമായതെന്നും നീതിയുടെ പുനസ്ഥാപനത്തിന് രാജ്യസ്‌നേഹികളായ മുഴുവന്‍ പൗരന്മാരും പോരാട്ടത്തിന് തയ്യാറാവണമെന്നും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
കുറ്റിയാടി തിരുവള്ളൂരില്‍ സംസ്ഥാന സമിതിയംഗം മുസ്തഫ പാലേരി, പാളയത്ത് സംസ്ഥാന സമിതിയംഗം കെ ലസിത ടീച്ചര്‍, പേരാമ്പ്രയില്‍ എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, ഫറോക്കില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, തിരുവമ്പാടി മുക്കത്ത് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, നാദാപുരത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, കോഴിക്കോട് മാവൂര്‍ റോഡില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, വടകരയില്‍ ജില്ലാ സെക്രട്ടറി കെ ഷമീര്‍, കുന്ദമംഗലം കാരന്തൂരില്‍ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ്, കൊയിലാണ്ടിയില്‍ ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍, എലത്തൂര്‍ കുമാരസ്വാമിയില്‍ ജില്ലാ കമ്മിറ്റിയംഗം കെ ജലീല്‍ സഖാഫി, ബാലുശ്ശേരിയില്‍ ജില്ലാ കമ്മിറ്റിയംഗം കെ കെ ഫൗസിയ തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.