ബാബരി: മാധവന്റെ കഥാപാത്രവും മനോരമ പത്രാധിപരും; മാധ്യമ മലക്കം മറിയലുകളുടെ സത്യാനന്തര കാഴ്ചകള്‍..!

ടിപ്പു സുല്‍ത്താനെതിരെ ബജ്‌റംഗ് ദളും ആര്‍എസ്എസും രംഗത്തു വരികയും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന് സംഘപരിവാര്‍ ആവശ്യമുന്നയിക്കുകയും ചെയ്തപ്പോഴും ഇതേ കാപട്യ സമീപനമാണ് മലയാള മനോരമ സ്വീകരിച്ചത്.

Update: 2020-08-07 12:41 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ഹിന്ദുത്വ ഭീകരര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ എന്‍ എസ് മാധവന്‍ എഴുതിയ കഥയാണ് തിരുത്ത്. സ്ഥാപിത താല്‍പര്യങ്ങളാല്‍ നേരിനെ നിര്‍ഭയം സമീപിക്കാനാവാത്ത മാധ്യമ ലോകത്തെ ഉപജാപങ്ങളാണ് എന്‍ എസ് മാധവന്റെ കഥയില്‍ വര്‍ത്തമാനത്തിനു നേരെയുള്ള ചാട്ടുളിയായി അനാവരണം ചെയ്യപ്പെട്ടത്.

നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആര്‍എസ്എസിന്റെയും ഫാഷിസ്റ്റു വാഴ്ചയുടെ സത്യാനന്തര കാലത്ത് രാജ്യത്തെ മുഖ്യാധാരാ നവ കോര്‍പറേറ്റ്, മുത്തശ്ശി മാധ്യമങ്ങളുടെ പത്രാധിപകേസരികള്‍ നേരിനെ നേരിടാതെ നുണയുടെ ഗഹ്വരങ്ങളില്‍ അടയിരിക്കുന്നത് ഭയം കൊണ്ടു മാത്രമല്ല. കോടികളുടെ മൂലധന താല്‍പര്യങ്ങള്‍ ശത കോടികളാക്കി വിരിയെച്ചെടുക്കാന്‍ കൂടിയാണ്.

ചരിത്ര സന്ധികളില്‍ നേരിനു നേരെ എന്നും പനിക്കാറുള്ള എന്‍ എസ് മാധവന്റെ 'ചുല്യാറ്റ്' എന്ന കഥാപാത്രത്തെയാണ് ബാബരി മസ്ജിദിന്റെ ദുരന്ത നാള്‍വഴികളിലുടനീളം 'മലയാള മനോരമ' യുടെ തലപ്പത്തു നാം കണ്ടത്. ബാബരി മസ്ജിദ് എന്ന ചരിത്ര സത്യത്തിനു നേരെ മലയാളത്തില്‍ ആദ്യം പനിച്ച പത്രം മനോരമയാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പേ,ആര്‍എസ്എസിന്റെ അവകാശ വാദങ്ങള്‍ മുഖവിലക്കെടുത്ത മനോരമ ബാബരി മസ്ജിദ് 'തര്‍ക്ക മന്ദിര'മാക്കിക്കളഞ്ഞു. 'രാമ ജന്‍മ ഭൂമിബാബരി മസ്ജിദ്' പ്രയോഗം പ്രചാരത്തിലാക്കുക വഴി 'മലയാള മനോരമ' ബാബരി എന്ന യാഥാര്‍ഥ്യത്തെ വായനക്കാരനു മുന്നില്‍ നുണകള്‍കൊണ്ട് തൂക്കമൊപ്പിച്ചു.

നേരത്തെ, ടിപ്പു സുല്‍ത്താനെതിരെ ബജ്‌റംഗ് ദളും ആര്‍എസ്എസും രംഗത്തു വരികയും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന് സംഘപരിവാര്‍ ആവശ്യമുന്നയിക്കുകയും ചെയ്തപ്പോഴും ഇതേ കാപട്യ സമീപനമാണ് മലയാള മനോരമ സ്വീകരിച്ചത്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മനോരമ 'സുല്‍ത്താന്‍ ' വെട്ടിക്കളഞ്ഞ് വെറും ബത്തേരിയാക്കി. ഔദ്യോഗിക സ്ഥല നാമങ്ങളിലെവിടെയും 'ബത്തേരി' എന്നൊരു നാടില്ല. എങ്കിലും, 'ജന്‍മ ഭൂമി'ക്കും സംഘപരിവാറിനുമൊപ്പം 'മനോരമ' മാത്രം ഇപ്പോഴും ബത്തേരി എന്ന് തെറ്റായി തന്നെ ഉപയോഗിക്കുന്നു.

1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ ഭീകരര്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ മലയാള മാധ്യമ ലോകത്തു നിന്ന് ദൃക്‌സാക്ഷിയായി ഒരേയൊരു ഫോട്ടോ ഗ്രാഫര്‍ മാത്രമേ ബാബരിക്ക് സമീപത്ത് ഉണ്ടായിരുന്നുള്ളൂ. മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ പി മുസ്തഫ മാത്രം.

അദ്വാനിയും ഉമാ ഭാരതിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ രണ്ടു ഡസനിലേറെ ഫോട്ടോകള്‍ മുസ്തഫ മലയാള മനോരമയിലേക്ക് അയച്ചു. ഇന്നോളം ഒരു പടവും മനോരമ പ്രസിദ്ധീകരിച്ചില്ല. നേരിനു നേരെ പനിക്കുന്ന എന്‍എസ് മാധവന്റെ കഥാപാത്രത്തെ മനോരമ പത്രാധിപര്‍ അന്വര്‍ഥമാക്കി. ഒന്‍പതര വര്‍ഷങ്ങള്‍ കഴിഞ്ഞു മനോരമയില്‍ നിന്നു വിരമിച്ച ശേഷമാണ് ബാബരി മസ്ജിദ് തകര്‍ക്കുന്ന വേളയിലെ താനെടുത്ത ചിത്രങ്ങള്‍ വെളിച്ചം കണ്ടതെന്ന് പി മുസ്തഫ തേജസ് ന്യൂസിനോടു പറഞ്ഞു.

ബാബരി തകര്‍ക്കപ്പെട്ട ദിവസം മലയാളത്തിലടക്കം പ്രധാന പത്രങ്ങള്‍ ഹിന്ദുത്വ ഭീകരതയെ അപലപിച്ചു പത്രാധിപന്‍മാരുടെ പേരു വച്ച് ഒന്നാം പേജില്‍ മുഖ പ്രസംഗമെഴുതി. എന്നാല്‍,മനോരമയുടെ മുഖപ്രസംഗം ഏഴിമല നാവിക അക്കാദമിയെ കുറിച്ചായിരുന്നു.

ബാബരി ഭൂമിയില്‍ കഴിഞ്ഞ ദിവസം നടന്ന രാമക്ഷേത്ര ശിലാസ്ഥാപനം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ചരിത്ര മുഹൂര്‍ത്തമെന്നാണ് മനോരമ വിശേഷിപ്പിച്ചത്. ആര്‍എസ്എസിന്റെയും മോദിയുടെയുമൊക്കെ ആഹ്ലാദങ്ങളില്‍ ആവോളം അഭിരമിച്ച മനോരമ പക്ഷേ,ബാബരി എന്ന നീതി നിഷേധത്തില്‍ വ്രണിത ഹൃദയരായ രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെയും നിഷ്പക്ഷ നിലപാടുകാരുടേയും വികാരങ്ങളെ മാനിച്ചതേയില്ല.

സരയൂ സാക്ഷി ആധാരശില തൊട്ട് അയോധ്യ' യെന്ന് ക്ഷേത്ര ശിലാസ്ഥാപനത്തെ വാനോളം വാഴ്ത്തിയ കോട്ടയം പത്രം വാര്‍ത്തയിലൊരിടത്തും ചരിത്രപരമായ ബാബരിയുടെ നേരും നോവും കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

'ഹിന്ദു രാഷ്ട്രത്തിലേക്ക് ശിലയിട്ടു' എന്ന ദേശാഭിമാനി തലക്കെട്ട് ചിലരാല്‍ വാഴ്ത്തപ്പെടുന്നു. ഹിന്ദു രാഷ്ട്രത്തിന് ശിലയിട്ടു എന്ന ദേശാഭിമാനിയുടെ തലക്കെട്ട് മതനിരപേക്ഷ പക്ഷത്ത് നിന്ന് കൊണ്ടാടുകയാണ് ചില ശുദ്ധ ഗതിക്കാര്‍. വാസ്തവത്തില്‍, ആര്‍എസ്എസിന് അനുകൂലമായ ഒരു തലക്കെട്ടു തന്നെയാണത്. വര്‍ഗീയ,വിഭജന,വിദ്വേഷ രാഷ്ട്രത്തിനു ശിലയിട്ടു എന്ന വിമര്‍ശനാത്മക തലക്കെട്ടാണ് ദേശാഭിമാനി ഉദ്ധേശിച്ചിരുന്നതെങ്കില്‍ 'ഹിന്ദുത്വ രാഷ്ട്ര' ത്തിന് ശിലയിട്ടു എന്നാണ് നല്‍കേണ്ടിയിരുന്നത്. ഇരയോടൊപ്പം അന്തിയുറങ്ങുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സിപിഎമ്മിന്റെ ദ്വിമുഖ കുതന്ത്രം അറിയാവുന്നവര്‍ക്ക് തലക്കെട്ടിലെ ആ 'ത്വ' ദേശാഭിമാനി വിട്ടുകളഞ്ഞത് യാദൃച്ഛികമായി തോന്നാനിടയില്ല.

അതേസമയം, സംഘ പരിവാറിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് ആര്‍ജ്ജവത്തോടെ വിരല്‍ ചൂണ്ടുക എന്ന ഹിന്ദുത്വ വിരുദ്ധ പോരാട്ടമാണ് ആ ഒരൊറ്റ ശീര്‍ഷകത്തിലൂടെ ദേശാഭിമാനി നിര്‍വ്വഹിച്ചത് എന്ന് വിലയിരുത്തുന്നവരുമുണ്ട്.

ബാബരി തകര്‍ത്തതിന്റെ പിറ്റേന്ന് ഒന്നാം പേജിലായിരുന്നു 'മാതൃഭൂമി' യുടെ മുഖ പ്രസംഗം. ഗാന്ധി വധത്തിനു ശേഷമുള്ള കറുത്ത ദിനം എന്നാണ് പത്രം ബാബരി ദുരന്തത്തെ വിശേഷിപ്പിച്ചത്.

രാജ്യത്തെ ഗവണ്‍മെന്റും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാബരി മസ്ജിദ് പൂര്‍വാധികം ഭംഗിയായി പുതുക്കിപ്പണിയണം. അത് ചെയ്യുമെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകണം.... ഭാരത്തിന്റെ ആത്മാവിനേറ്റ മുറിവുണക്കാന്‍ അതല്ലാതെ വഴിയില്ല. ലോകത്തിന് മുമ്പില്‍ ഇന്ത്യ നേരിട്ട ആപമാനത്തിന് വേറെ പരിഹാരമില്ല.. എന്നെല്ലാമായിരുന്നു മാതൃഭൂമി മുഖ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.

എന്നാല്‍, പള്ളിയുടെ മണ്ണില്‍ കഴിഞ്ഞ ദിവസം ശിലയിട്ട ആവേശത്തില്‍ പണ്ടെഴുതിയ മുഖപ്രസംഗവും നിലപാടുകളും മാതൃഭൂമി മറന്നു.

എല്ലാവരും സംയമനം പാലിക്കണമെന്നും ഇനി ഉയരേണ്ടത് സമാധാനത്തിന്റെ മന്ത്രമാണെന്നുമാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമായപ്പോള്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ നിലപാട്. മാതൃഭുമിയില്‍ കാവിവത്കരണം സമ്പൂര്‍ണമാവുന്നു എന്ന ആരോപണം നിലനില്‍ക്കെ സത്യാനന്തര ഫാഷിസ്റ്റുകാലത്തെ പത്രത്തിന്റെ മാറ്റം അപ്രതീക്ഷിതമല്ല.

ക്ഷേത്ര നിര്‍മാണ ശിലാസ്ഥാപനത്തെ ശ്രീരാമ ജയമായി അവതരിപ്പിച്ച കേരള കൗമുദി പത്രം ഓന്തിനെ നാണിപ്പിക്കുന്ന നിറം മാറ്റമാണ് മോദി കാലത്ത് ബോധ്യപ്പെടുത്തിയത്.

അദ്വാനി പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചതുകൊണ്ടോ ബിജെപിയും വിഎച്ച്പിയും ഖേദം പ്രകടപ്പിച്ചതുകൊണ്ടോ ബാക്കിയുള്ളവര്‍ ബന്ദും ഹര്‍ത്താലും നടത്തിയത് കൊണ്ടോ രാജ്യത്തെ ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്ത ബാബരി ദുരന്തത്തിന് പരിഹാരമാവില്ലെന്ന് 28 വര്‍ഷം മുന്‍പ് മുഖ പ്രസംഗമെഴുതിയ പത്രം,ഇപ്പോള്‍ എല്ലാ ചരിത്ര വസ്തുതകളേയും നീതി നിഷേധത്തെയും വിസ്മരിച്ച് ബാബരിയുടെ മണ്ണില്‍ ശ്രീരാമനെ ജയിപ്പിച്ചു.!. 

Tags:    

Similar News