ബാബരി മസ്ജിദ് അനീതിയുടെ ഇര: പോപുലര്‍ ഫ്രണ്ട് ഓണ്‍ലൈന്‍ സമ്മേളനത്തില്‍ ലക്ഷങ്ങള്‍ പങ്കാളികളായി

ബാബരി മസ്ജിദ് കടുത്ത നീതി നിഷേധത്തിന്റെ ഇരയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.

Update: 2021-11-10 14:32 GMT

കോഴിക്കോട്: 'ബാബരി മസ്ജിദ് അനീതിയുടെ ഇര' എന്ന സന്ദേശത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനത്തില്‍ നാലുലക്ഷത്തിലേറെ ആളുകള്‍ പങ്കാളികളായി. ബാബരിമസ്ജിദ് ഭൂമി അന്യായമായി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുത്ത് സുപ്രിംകോടതി വിധി പറഞ്ഞ നവംബര്‍ 9നാണ് ഫേസ്ബുക്ക്, യുടൂബ് പ്ലാറ്റ്‌ഫോം വഴി വിപുലമായ സമ്മേളനം സംഘടിപ്പിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് ധ്വംസനവും തുടര്‍ന്നുണ്ടായ കോടതി വിധിയുമെല്ലാം ഇതിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ രാജ്യത്തെ ജനങ്ങള്‍ എങ്ങനെയാണോ ഒരുമിച്ചത് അതേപോലെ തന്നെ ഇന്ന് രാജ്യത്ത് നടക്കുന്ന അനീതിക്കെതിരേ ജനങ്ങളെ ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് പോപുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് കടുത്ത നീതി നിഷേധത്തിന്റെ ഇരയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. ബാബരി മസ്ജിദിനോട് ഭരണകൂടങ്ങള്‍ ഒരുഘട്ടത്തിലും നീതി ചെയ്തിട്ടില്ല. ബാബരിയെ മറവിക്ക് വിട്ടുകൊടുത്തുവെന്നത് ദൗര്‍ഭാഗ്യകരമാണ്. നിയമം ലംഘിക്കുന്നവര്‍ തന്നെ നിയമനിര്‍മാണത്തില്‍ സ്വാധീനം ചെലുത്തുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ബാബരി വിധിയെന്നും സമ്മേളനം വിലയിരുത്തി.

തോള്‍ തിരുമവാളവന്‍ എംപി, ആള്‍ ഇന്ത്യാ മുസ്ലിം പഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ.അസ്മ സെഹ്‌റ തയ്യിബ, മുന്‍ എംപി മൗലാനാ ഉബൈദുല്ല ഖാന്‍ അസ്മി, കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എസ് ബാലന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമദ്, എഴുത്തുകാരി മീന കന്ദസ്വാമി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News