ബാബരി മസ്ജിദ് വിധി അന്യായം, നിരാശാജനകം: പോപുലര്‍ ഫ്രണ്ട്
ബാബരി മസ്ജിദിനെതിരായ സംഘടിത കുറ്റകൃത്യങ്ങളുടെ വിവിധ സംഭവങ്ങള്‍ക്ക് ലോകം സാക്ഷിയായിരുന്നു. അതേ ഭൂമിയില്‍, മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. മുസ്‌ലിംകള്‍ നിര്‍മ്മിക്കുകയും നൂറ്റാണ്ടുകളായി ആരാധനയ്ക്കായി ഉപയോഗിക്കുകയും ചെയ്ത ബാബരി മസ്ജിദിന് നീതി ലഭിക്കാന്‍ ജനാധിപത്യപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഉടമസ്ഥതാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി വിധി ന്യായ രഹിതവും നിരാശാജനകവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്. വിശദാംശങ്ങള്‍ ഇനിയും കാത്തിരിക്കുകയാണെങ്കിലും ക്ഷേത്ര നിര്‍മാണത്തിനായി സുപ്രിം കോടതി ബാബരി മസ്ജിദ് സ്ഥലം കൈമാറുന്നതായാണ് റിപോര്‍ട്ട്. മറ്റൊരു സ്ഥലത്ത് പള്ളി പണിയാന്‍ മുസ് ലിംകളെ അനുവദിക്കും. ഒരു ക്ഷേത്രവും തകര്‍ത്തതിനുശേഷം മസ്ജിദ് നിര്‍മിച്ചിട്ടില്ല എന്ന വസ്തുത ആവര്‍ത്തിച്ച കോടതി 1949ല്‍ മസ്ജിദില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും 1992ല്‍ മസ്ജിദ് തകര്‍ക്കുകയും ചെയ്തത് നിയമലംഘനമാണെന്ന് സമ്മതിക്കുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍, ഈ അംഗീകൃത വസ്തുതകള്‍ക്ക് വിരുദ്ധമായി, പൊളിച്ചുമാറ്റിയ മസ്ജിദിന്റെ മുഴുവന്‍ സ്ഥലവും ക്ഷേത്ര നിര്‍മാണത്തിനായി കൈമാറിയിരിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് മസ്ജിദിനായി ബദല്‍ ഭൂമി നല്‍കാനുള്ള കോടതി നിര്‍ദേശം പരിഗണന അര്‍ഹക്കുന്നതോ നീതിയോ അല്ല. സുപ്രിംകോടതിയുടെ ഈ വിധി ന്യൂനപക്ഷ അവകാശങ്ങളില്‍ മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍കൊള്ളുന്ന അടിസ്ഥാന തത്വങ്ങളിലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്.
ബാബരി മസ്ജിദിനെതിരായ സംഘടിത കുറ്റകൃത്യങ്ങളുടെ വിവിധ സംഭവങ്ങള്‍ക്ക് ലോകം സാക്ഷിയായിരുന്നു. അതേ ഭൂമിയില്‍, മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. മുസ്‌ലിംകള്‍ നിര്‍മ്മിക്കുകയും നൂറ്റാണ്ടുകളായി ആരാധനയ്ക്കായി ഉപയോഗിക്കുകയും ചെയ്ത ബാബരി മസ്ജിദിന് നീതി ലഭിക്കാന്‍ ജനാധിപത്യപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും. നീതി പുനസ്ഥാപിക്കാനുള്ള ഭാവി പോരാട്ടത്തില്‍ അഖിലേന്ത്യാ മുസ് ലിം വ്യക്തി നിയമ ബോര്‍ഡിനും യുപി സുന്നി വഖഫ് ബോര്‍ഡിനുമൊപ്പം പോപുലര്‍ഫ്രണ്ട് നിലകൊള്ളും. നിര്‍ണായകമായ ഈ ഘട്ടത്തില്‍ രാജ്യമെമ്പാടും സമാധാനവും സഹവര്‍ത്തിത്തവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും ആഹ്വാനം ചെയ്യുന്നതായും പോപ്പുലര്‍ ഫ്രണ്ട് ഓഫ് പ്രസ്താവനയില്‍ അറിയിച്ചു.