''സ്വന്തമായി സ്ഥാപനങ്ങള്‍ മുസ്‌ലിംകള്‍ക്കുളളതുപോലെ ഈഴവര്‍ക്കില്ല എന്നതു സത്യം തന്നെ....തടസ്സം മുസ്‌ലിംകളാണോ?''- ബാബുരാജ് ഭഗവതി

Update: 2025-04-08 00:55 GMT
സ്വന്തമായി സ്ഥാപനങ്ങള്‍ മുസ്‌ലിംകള്‍ക്കുളളതുപോലെ ഈഴവര്‍ക്കില്ല എന്നതു സത്യം തന്നെ....തടസ്സം മുസ്‌ലിംകളാണോ?- ബാബുരാജ് ഭഗവതി

തൃശൂര്‍: കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലയില്‍ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ബാബുരാജ് ഭഗവതിയുടെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

''നമുക്ക് നന്ദിയുള്ളവരായിരിക്കാം???


Full View

അറിയപ്പെട്ടിടത്തോളം കേരളത്തില്‍ ഉണ്ടായ ആദ്യ സമുദായ സംഘടനയാണ് എസ്എന്‍ഡിപി. അതിന്റെ തുടക്കം മുതല്‍ അപരചിന്തയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യം യോഗനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. ഈഴവര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച മതംമാറ്റ കോലാഹലങ്ങള്‍ക്കിടയില്‍ പോലും അപരചിന്ത വെടിഞ്ഞ് സമുദായസ്വത്വം നിലനിര്‍ത്തുന്നതെങ്ങനെയെന്നാണ് അവര്‍ ആലോചിച്ചത്. ഇതരമതത്തില്‍ ആയിരിക്കുമ്പോഴും സാമുദായികമായി ഈഴവരായിക്കണമെന്നായിരുന്നു യോഗം നിഷ്‌ക്കര്‍ഷിച്ചത്. 1936 ലെ ചെങ്ങനാശ്ശേരി സമ്മേളനത്തിലെ പ്രമേയവും അതായിരുന്നു. ഇസ്‌ലാം, െ്രെകസ്തവ, സിഖ് മതനേതാക്കളുടെ സാന്നിധ്യത്തിലാണ് ആ സമ്മേളനം നടന്നത്.

എസ്എന്‍ഡിപിയുടെയും പിന്നീട് രൂപീകരിച്ച എസ്എന്‍ ട്രസ്റ്റിലും ഇതര മതസ്ഥര്‍, പ്രത്യേകിച്ച് മുസ്ലിംകള്‍ അംഗങ്ങളായിരുന്നുവെന്ന് ചരിത്രം പറയുന്നു. എസ്എന്‍ഡിപിയില്‍ അംഗമായിരിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഈഴവ സമുദായത്തിന്റെ വളര്‍ച്ചക്ക് അവര്‍ കഴിയാവുന്നിടത്തോളം സംഭാവന നല്‍കി. കേരളത്തിലെ ആദ്യകാല എസ്എന്‍ കോളജുകള്‍ മുസ്ലിംകളുടെ കൂടെ അധ്വാനത്തിന്റെ ഫലമാണ്. കൊല്ലം എസ്എന്‍ കോളജ് സ്ഥാപിച്ചത് കൊല്ലത്തെ മുസ്‌ലിം ധനാഢ്യനായ തങ്ങള്‍ക്കുഞ്ഞു മുസ്ലിയാര്‍ നല്‍കിയ പണമുപയോഗിച്ചു കൂടിയാണ്. വര്‍ക്കല കോളജ് സ്ഥാപിക്കുമ്പോള്‍ ബര്‍മ്മയിലും സിങ്കപ്പൂരിലും കുടിയേറിയിരുന്ന മുസ്ലിംകള്‍ കയ്യയച്ചു സഹായിച്ചു. പരിശോധിച്ചാല്‍ ഇനിയും ഉദാഹരങ്ങള്‍ കണ്ടെത്താം.

സ്വന്തമായി സ്ഥാപനങ്ങള്‍ മുസ്ലിംകള്‍ക്കുളളതുപോലെ ഈഴവര്‍ക്കില്ല എന്നതുസത്യം തന്നെ. എന്താണ് കാരണം? തടസ്സം മുസ്ലിംകളാണോ?

1922 ല്‍ സി കൃഷ്ണന്‍ തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ ഈഴവര്‍ക്ക് ഒരു ഉപദേശം നല്‍കിയിരുന്നു. പൊതു കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ ഈഴവര്‍ക്ക് മടിയാണെന്നും അങ്ങനയൊരു ശീലമില്ലെന്നും ഇക്കാര്യത്തില്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കണ്ടു പഠിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇന്നും അത് പ്രസക്തമാണ്. ഇത് മനസ്സിലാക്കാതെ നായന്മാരുടെ പിന്നാലെ നടന്ന് മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നതിന്റെ കാര്യമെന്താണ്?

അപരചിന്തയെ പ്രതിരോധിച്ച എസ്എന്‍ഡിപിയുടെ യഥാര്‍ത്ഥപ്രതിനിധിയല്ല നടേശനെന്നു ഇതര മതസ്ഥര്‍ മാത്രമല്ല ഈഴവരും തിരിച്ചറിയണം.

ഈഴവര്‍ ഇതര മതസ്ഥരോട് നന്ദി ഉള്ളവരായിരിക്കുക!''

ഈ ലേഖനം ചര്‍ച്ചയായതിനെ തുടര്‍ന്ന് അജീഷ് രാജ് എന്നയാള്‍ സുപ്രധാനമായ മറ്റൊരു വിവരം പങ്കുവച്ചു. കൊടുങ്ങല്ലൂരിലെ മണപ്പാട്ട് കുഞ്ഞ് മുഹമ്മദ് ഹാജി എസ്എന്‍ഡിപി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലേക്കായി സംഭാവന ചെയ്ത 25 ഏക്കര്‍ സ്വീകരിക്കുവാന്‍ യോഗത്തിന്റെ അമ്പതാം വാര്‍ഷിക കോണ്‍ഫറന്‍സ് തീരുമാനിച്ചതിന്റെ 25-05-1953ലെ പത്രവാര്‍ത്തയുടെ കോപ്പിയാണ് പങ്കുവച്ചിരിക്കുന്നത്.


Similar News