ആലപ്പുഴ: ബിജെപി ഭരണത്തില്‍ രാജ്യത്തെ എല്ലാ മേഖലയിലും തിരിച്ചടി നേരിടുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പങ്കെടുത്ത ലീഡേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണകരമല്ലാത്ത വിഷയങ്ങളില്‍ മാത്രമാണ് രാജ്യം മുന്നേറുന്നത്. സര്‍ക്കാരിന്റെ ജന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ക്കെതിരേ പ്രതിഷേധിക്കുന്നത് പോലും കുറ്റകൃത്യമായി മാറിയിരിക്കുന്നു. ഇഡി, ഐടി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തത് പ്രതിഷേധ സ്വരങ്ങളെ നിശബ്ദമാക്കുകയാണ്.
ബി ജെ പി അല്ലാത്ത ഒരു രാഷട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യം ഘട്ടം ഘട്ടമായി അവസാനിച്ചു കൊണ്ടിരിക്കുകയാണെന്ന അപകടം തിരിച്ചറിഞ്ഞിട്ടും തെരുവുകളില്‍ പ്രക്ഷോഭം നയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവുന്നില്ല. ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ പോലും മോദിയുടെ ജനാധിപത്യവിരുദ്ധ നടപടികള്‍ അനുകരിക്കാനാണ് ശ്രമിക്കുന്നത്. സാമൂഹിക ജനാധിത്യം എന്ന ചരിത്ര ദൗത്യനിര്‍വഹണത്തിലൂടെ മാത്രമേ ഫാഷിസത്തിന്റെ അപകടത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ സംബന്ധിച്ചു.