യുഎഇ അഭ്യര്‍ഥിച്ചു; സൗദിക്ക് പിന്നാലെ ഇസ്രായേലിന് വ്യോമപാത തുറന്നു നല്‍കി ബഹ്‌റെയ്‌നും

യുഎഇയിലേക്കുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുനല്‍കുമെന്ന് ഇസ്രയേലിനെ പേരെടുത്ത് പറയാതെ ബഹ്‌റൈന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

Update: 2020-09-04 18:10 GMT

മനാമ: യുഎഇയിലേക്കും അവിടെനിന്നു തിരിച്ചുമുള്ള ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് ബഹ്‌റെയ്ന്‍. യുഎഇയിലേക്കുള്ള ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത വിട്ടുനല്‍കാന്‍ സൗദി അറേബ്യ ബുധനാഴ്ച തീരുമാനിച്ചതിനു പിന്നാലെയാണ് ഈ നീക്കം. യുഎഇയുടെ അഭ്യര്‍ഥന മാനിച്ചാണ് ഇരു രാജ്യങ്ങളും തങ്ങളുടെ വ്യോമപാത ഇസ്രയേല്‍ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ തയ്യാറായത്.

നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയതിനു പിന്നാലെ ഇസ്രയേല്‍ തലസ്ഥാനമായ തെല്‍അവീവില്‍നിന്നുള്ള വിമാനം യുഎഇയുടെ തലസ്ഥാനമായ അബുദബയില്‍ ഇറങ്ങിയിരുന്നു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് അറബ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനായി മേഖലയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവും യുഎസ് ട്രംപിന്റെ മരുമകനുമായ ജാരേഡ് കുഷ്‌നറും അബുദബിയിലിറങ്ങിയ വിമാനത്തിലുണ്ടായിരുന്നു.

യുഎഇയിലേക്കുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുനല്‍കുമെന്ന് ഇസ്രയേലിനെ പേരെടുത്ത് പറയാതെ ബഹ്‌റൈന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ബഹ്‌റെയ്ന്‍ വ്യോമാതിര്‍ത്തി തുറന്നു നല്‍കുന്നതോടെ തെല്‍ അവീവിനും എമിറേറ്റ്‌സിനുമിടയിലെ വിമാനത്തിന്റെ പറക്കല്‍ സമയം ഗണ്യമായി കുറയും. അതേസമയം, ഖത്തറിനു മുകളിലൂടെ ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മാത്രമേ ബഹ്‌റെയ്‌ന്റെ അനുമതി കൊണ്ട് പ്രയോജനമുണ്ടാവു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സന്നദ്ധത ഇതുവരെ അറിയിച്ചിട്ടില്ലാത്ത ഖത്തര്‍ 2002ലെ അറബ് പീസ് ഇനീഷ്യേറ്റീവിന് തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കുഷ്‌നറുമായുള്ള കൂടിക്കാഴ്ചയില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കിയിരുന്നു.

മേഖലയിലെ ശക്തിദുര്‍ഗമായ സൗദി ഇസ്രയേലുമായി കരാര്‍ ഒപ്പിടുന്നതുവരെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ബഹ്‌റെയ്ന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും ഇസ്രായേലിനെ അംഗീകരിക്കുന്ന ഗള്‍ഫ് അറബ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈന്‍ അടുക്കുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രായേലും യുഎഇയും ഈ മാസം അവസാനം വാഷിങ്ടണ്‍ ഡിസിയില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചുകഴിഞ്ഞാല്‍ ബഹ്‌റൈന്‍ യുഎഇയെ പിന്തുടരുമെന്ന് ഇസ്രായേല്‍ മാധ്യമം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News