'ജാമ്യമാണ് നിയമം, ജയില്‍ ഒരു അപവാദമാണ്'; ഡല്‍ഹി കലാപക്കേസില്‍ അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ കേസിലും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്ക് (ഡിസിപി) പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റുചെയ്ത ഫുര്‍കാന്‍, മൊഹമ്മദ് ആരിഫ്, ഷദാബ് അഹമ്മദ്, സുവലീന്‍, തബസ്സം എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Update: 2021-09-04 06:20 GMT

ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ്‌ലിം വിരുദ്ധ വംശഹത്യ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ കേസിലും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്ക് (ഡിസിപി) പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റുചെയ്ത ഫുര്‍കാന്‍, മൊഹമ്മദ് ആരിഫ്, ഷദാബ് അഹമ്മദ്, സുവലീന്‍, തബസ്സം എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ 35,000 രൂപ വീതമുള്ള ആള്‍ജാമ്യം നല്‍കണം.

കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡല്‍ഹി ദേശീയ തലസ്ഥാനം (എന്‍സിടി) വിട്ടുപോവരുതെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യമാണ് നിയമമെന്നും ജയില്‍ ഒരു അപവാദമാണെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചു. പ്രതികളെ കൂടുതല്‍ കാലം തടവറയില്‍ കിടത്താനാവില്ലെന്നും വിചാരണാ വേളയില്‍ അവര്‍ക്കെതിരായ ആരോപണങ്ങളുടെ കൃത്യത പരിശോധിക്കാം. ആരോപണവിധേയര്‍ ദീര്‍ഘകാലമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ നാലാമത്തെ കുറ്റപത്രം ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയമെടുക്കും. ഈ ഘട്ടത്തില്‍ അനന്തമായ കാലയളവില്‍ ഇവരെ തടവറകളില്‍ അടയ്ക്കുന്നത് വിവേകപൂര്‍ണമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സമൂഹത്തില്‍ വേരുകളുണ്ട്. അതിനാല്‍, അവര്‍ ഒളിച്ചോടി രക്ഷപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ല. അധികാരത്തിന്റെ തണലില്‍ വ്യക്തി സ്വാതന്ത്ര്യം അനിയന്ത്രിതമായി ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഭരണഘടനാപരമായ കടമയാണ്. ജാമ്യം നിയമമാണ്, ജയില്‍ ഒരു അപവാദമാണ്. കോടതികള്‍ അവരുടെ അധികാരപരിധി നടപ്പാക്കണം.

സാധുവായ നിയമനിര്‍മാണത്തിലൂടെ ശരിയായ നിയന്ത്രണത്തിന് വിധേയമായി വ്യക്തി സ്വാതന്ത്ര്യത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. സ്‌പെക്ട്രത്തിന്റെ രണ്ടറ്റത്തും കോടതികള്‍ സജീവമായിരിക്കണമെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതായത് ക്രിമിനല്‍ നിയമം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കലാപത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് നിര്‍ഭാഗ്യകരമായ കേസാണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ വാദിച്ചു.

അതില്‍ ഡിസിപി ഷഹദാര അമിത് ശര്‍മ, ഐപിഎസ് അനുജ് കുമാര്‍, എസിപി ഗോകല്‍പുരി എന്നിവര്‍ക്കും മറ്റ് 51 പോലിസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രതികള്‍ മറ്റ് പ്രതിഷേധക്കാരുമായി ഒരു വേദി പങ്കിടുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരേ ഐക്യപ്പെടലിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇത് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 50 ലധികം നിരപരാധികളുടെ മരണത്തിലേക്ക് നയിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. അതേസമയം, പ്രതികളെ അന്വേഷണ ഏജന്‍സി കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

Tags:    

Similar News