ഡല്‍ഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങള്‍: ബിജെപി, കോണ്‍ഗ്രസ്, എഎപി നേതാക്കളെ പ്രതിയാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ബിജെപി, കോണ്‍ഗ്രസ്, എഎപി നേതാക്കള്‍, മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി എന്നിവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് സാഹിബ് സിംഗ് വര്‍മ്മ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, എഎപിയുടെ മനീഷ് സിസോദിയ, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവരെ പ്രതികളാക്കണമെന്ന ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച അനുവദിച്ചത്.
ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികരണം സമര്‍പ്പിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അമിത് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, നടി സ്വര ഭാസ്‌കര്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബിജി കോള്‍സെ പാട്ടീല്‍ എന്നിവരും കോടതി നോട്ടിസ് നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.
2020 ഫെബ്രുവരിയില്‍ ദേശീയ തലസ്ഥാനത്ത് നടന്ന കലാപത്തിന് പ്രേരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രതികള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അര ഡസനോളം ഹര്‍ജികള്‍ കോടതി പരിഗണിക്കുകയായിരുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 50ലധികം പേര്‍ കൊല്ലപ്പെട്ട കലാപം കൈകാര്യം ചെയ്തതില്‍ ഡല്‍ഹി പോലിസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു.
ജാമിയത്ത് ഉലമഇഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹി പോലീസിന്റെയും താക്കൂര്‍, മിശ്ര എന്നിവരുള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലോയേഴ്‌സ് വോയ്‌സിന്റെ പേരില്‍ ഹരജി നല്‍കിയത്. ഈ ഹരജിയില്‍ ഗാന്ധി കുടുംബവും കെജ് രിവാള്‍ ഉള്‍പ്പടെ നേതാക്കളുമാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്ന് ആരോപിച്ചു.