ബീഫ് ഇഷ്ടമെന്ന പരാമര്‍ശം; രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ (വീഡിയോ)

Update: 2022-09-07 09:06 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെയും ആലിയാ ഭട്ടിനെയും ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞു. രണ്‍ബീര്‍ കപൂറിന്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുന്‍കാല പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് ഇരുവരെയും ഹിന്ദുത്വര്‍ ക്ഷേത്രത്തിന് മുന്നില്‍ തടയുകയും രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തത്. പ്രതിഷേധക്കാരെ പോലിസ് ബലപ്രയോഗത്തിലൂടെ മാറ്റുന്നതിന്റെയും ചൂരല്‍ പ്രയോഗിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു വീഡിയോയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരില്‍ ഒരാളെ മര്‍ദ്ദിക്കുന്നതും പിടിച്ചുകൊണ്ടുപോവുന്നതും കാണാം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു. ബോളിവുഡ് അഭിനേതാക്കളായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സംവിധായകന്‍ ആയാന്‍ മുഖര്‍ജി എന്നിവരാണ് ക്ഷേത്രദര്‍ശനത്തിനായി ഉജ്ജയിന്‍ മഹാകാളി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രദര്‍ശനത്തിന് പോവുന്നതിന്റെ വിവരം ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും ചെയ്തു. ഇതറിഞ്ഞ വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റിലും വിവിഐപികള്‍ക്കുള്ള ശംഖ് ഗേറ്റിലും കരിങ്കൊടിയുമായി നിലയുറപ്പിച്ചു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസിന് ലാത്തി വീശേണ്ടിവന്നു. ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായി മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചിത്രത്തിന്റെ പ്രമോഷനുശേഷമാണ് ക്ഷേത്രദര്‍ശനത്തിനായി ഇവര്‍ ഉജ്ജയിനിലെത്തിയത്. ആയാന്‍ മുഖര്‍ജി പ്രാര്‍ത്ഥന നടത്തിയതായി ക്ഷേത്രത്തിലെ പൂജാരി ആശിഷ് പൂജാരി പിടിഐയോട് പറഞ്ഞു. പിടിഐ റിപോര്‍ട്ട് പ്രകാരം ആലിയയും രണ്‍ബീറും എത്തിയപ്പോള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' വിളിച്ചു. ആലിയാ ഭട്ട് ഗര്‍ഭിണിയായതിനാല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ക്ഷേത്രത്തില്‍ കയറേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും ദര്‍ശനം കൂടാതെ ഇന്‍ഡോറിലേക്ക് മടങ്ങി.

ഇന്‍ഡോറില്‍ നിന്ന് അവര്‍ വിമാനത്തില്‍ മുംബൈയിലേക്ക് പോവുമെന്ന് ഉജ്ജയിന്‍ കലക്ടര്‍ ആശിഷ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷം ആയാന്‍ മുഖര്‍ജി മാത്രമാണ് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയതെന്നും സിങ് പറഞ്ഞു. അതേസമയം ക്ഷേത്രം സന്ദര്‍ശിക്കാനിരുന്ന രണ്‍ബീറിനെയും ആലിയയെയും കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് ചൂരല്‍ പ്രയോഗിച്ചതായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പറയുന്നതായ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ബ്രഹ്മാസ്ത്ര കാണാന്‍ താല്‍പ്പര്യമുള്ളവര്‍ കാണണമെന്നും അല്ലാത്തവര്‍ കാണേണ്ടതില്ലെന്നും ആലിയാ ഭട്ട് പറഞ്ഞതായി ബജ്‌റംഗ്ദള്‍ നേതാവ് അങ്കിത് ചൗബെ പറഞ്ഞു. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍ 'ഗോമാത'യെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 'ഞങ്ങള്‍ രണ്‍ബീര്‍ കപൂറിനെതിരേ പ്രതിഷേധിക്കുന്നു.

നമ്മുടെ ഗോമാതാവിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ അദ്ദേഹത്തെ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ബീഫ് കഴിക്കുന്നത് നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞത്- ബജ്‌റംഗ്ദള്‍ കുറ്റപ്പെടുത്തുന്നു. ബ്രഹ്മാസ്ത്ര സപ്തംബര്‍ 9 നാണ് റിലീസ് ചെയ്യുക. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന നിരവധി സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകളോടെ പരാമര്‍ശത്തിന് വിധേയമായ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

Tags:    

Similar News