ബാലി സ്‌ഫോടനം: അബൂബക്കര്‍ ബഷറിനെ ഇന്തോനീസ്യ മോചിപ്പിച്ചു

ഇന്തോനീസ്യയിലെ ഇസ്്‌ലാമിക പണ്ഡിതനായ ഇദ്ദേഹമാണ് ബാലി സ്‌ഫോടനത്തിനു ആത്മീയവും ആശയപരവുമായ നേതൃത്വം നല്‍കിയതെന്നും പ്രചോദനമായതെന്നുമാണ് ആരോപണം

Update: 2019-01-19 16:31 GMT

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ബാലിയില്‍ 202 പേരുടെ മരണത്തിനിടയാക്കി ബോംബ് സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന അബൂബക്കര്‍ ബഷറിനെ മോചിപ്പിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് 80കാരനായ അബൂബക്കര്‍ ബഷറിനെ മാനുഷിക പരിഗണന നല്‍കി പ്രസിഡന്റ് ജോകോ വിദോഡോ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇന്തോനീസ്യയിലെ ഇസ്്‌ലാമിക പണ്ഡിതനായ ഇദ്ദേഹമാണ് ബാലി സ്‌ഫോടനത്തിനു ആത്മീയവും ആശയപരവുമായ നേതൃത്വം നല്‍കിയതെന്നും പ്രചോദനമായതെന്നുമാണ് ആരോപണം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ഇന്തോനീസ്യന്‍ ജയിലില്‍ കഴിയുന്ന ഏറ്റവും പ്രായം കൂടിയയാളായ അബൂബക്കര്‍ ബഷറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുഹമ്മദ് മഹേന്ദ്രദത്ത പറഞ്ഞു.

    2002ല്‍ ബാലി കുത്തയിലെ ബാറില്‍ നൈറ്റ് ക്ലബ്ബിലുണ്ടായ സ്‌ഫോടനത്തില്‍ 88 ആസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ 202 പേരാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ അല്‍-ഖായിദയുമായി ബന്ധമുള്ള ജമാഅ് ഇസ്്‌ലാമിയ്യ ഗ്രൂപ്പാണെന്നാണ് കണ്ടെത്തല്‍. ബഷറിനെ വീട്ടുതടങ്കലില്‍ വിടാനുള്ള നീക്കം പരിഗണിക്കുന്നതിനെതിരേ ആസ്‌ട്രേലിയ നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍ യാതൊരു ഉപാധികളുമില്ലാതെയാണ് വിട്ടയക്കുന്നതെന്നാണ് ബഷറിന്റെ അഭിഭാഷകന്റെ വാദം. സ്‌ഫോടനം നടന്നയുടനെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സ്‌ഫോടനത്തില്‍ ഇദ്ദേഹത്തിനു പങ്കുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചിരുന്നില്ല. അതിനാല്‍ കുടിയേറ്റനിയമം ലംഘിച്ചതിനാണു അദ്ദേഹത്തെ 18 മാസം ശിക്ഷിച്ചു. പിന്നീട് 2011ലാണ് ഇസ്്‌ലാമിക സായുധ സംഘടനയ്ക്കു സൈനിക രീതിയിലുള്ള പരിശീലനം നല്‍കിയെന്നാരോപിച്ച് ഇദ്ദേഹത്തെ 15 വര്‍ഷത്തേക്കു ജയിലിലടച്ചത്. ബാലി സ്‌ഫോടന ശേഷം ഇന്തോനീസ്യയില്‍ ഇസ്്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും സായുധസംഘടനകള്‍ക്കുമെതിരേ നടപടി ശക്തമാക്കുകയും വന്‍കിട നഗരങ്ങളിലും മറ്റും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഭീകരവിരുദ്ധ വേട്ടയില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ബാലി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് നേരത്തേ മൂന്നുപേപേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ദക്ഷിണ ജാവയിലെ നുസാകാംബന്‍ഗന്‍ ദ്വീപിലുള്ള ജയിലില്‍ മൂന്നുപേരെയും വെടിവച്ചു കൊല്ലുകയായിരുന്നു.



Tags:    

Similar News