തിരഞ്ഞെടുപ്പ്: റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ജനുവരി 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഈ തീരുമാനം. കേന്ദ്ര ആരോഗ്യ സെക്രട്ടറി, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അറിയിച്ചത്.
അതേസമയം, ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ജനുവരി 28 മുതലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതലും പൊതുയോഗങ്ങളും റാലികളും നടത്താന്‍ അനുമതിയുണ്ട്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ 500 പേരെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങള്‍ക്കാണ് അനുമതി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി 1 മുതലും ഈ ഇളവ് ബാധകമാണ്. അതേസമയം, വീടുകയറിയുള്ള പ്രചാരണത്തിനുള്ളവരുടെ എണ്ണം അഞ്ചില്‍നിന്ന് പത്താക്കി ഉയര്‍ത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന വ്യവസ്ഥയില്‍ നിയുക്ത തുറസ്സായ സ്ഥലങ്ങളില്‍ പരസ്യത്തിനായി വീഡിയോ വാനുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 10, 14 തിയ്യതികളിലാണ് ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും ജനുവരി 15 വരെ നിരോധിച്ചിരുന്നു. പിന്നീട് നിരോധനം ജനുവരി 22 വരെ നീട്ടി. വാക്‌സിനേഷന്റെ പുരോഗതി ഇളവുകള്‍ അനുവദിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായിരിക്കും- ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.