'മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' വിളിച്ചില്ല; പാകിസ്താനില്‍ പോവൂ എന്നാക്രോശിച്ച് ക്രൂരമര്‍ദ്ദനം

Update: 2020-08-09 09:32 GMT

ജയ്പൂര്‍: 'നരേന്ദ്ര മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' തുടങ്ങിയവ വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. രാജസ്ഥാന്‍ സ്വദേശിയായ ഗഫ്ഫാര്‍ അഹമ്മദ് കച്ചാവ എന്ന 52കാരനെയാണ് ഹിന്ദുത്വര്‍ ആക്രമിച്ചത്. ഇതുസംബന്ധിച്ച് ഗഫ്ഫാര്‍ അഹമ്മദ് കച്ചാവ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ താടി പിടിച്ച് വലിച്ച് പാകിസ്താനില്‍ പോവൂ എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് ഗഫ്ഫാര്‍ അഹമ്മദ് കച്ചാവ പറഞ്ഞു. ''തന്റെ റിസ്റ്റ് വാച്ച് അക്രമികള്‍ മോഷ്ടിച്ചു. പല്ലുകള്‍ അടിച്ചുതകര്‍ത്തു. മര്‍ദ്ദനത്തില്‍ കണ്ണുകള്‍ വീര്‍ത്തു. അവര്‍ പറഞ്ഞത് അനുസരിക്കാത്തതിനാണ് തന്നെ ആക്രമിച്ചതെന്നും കച്ചാവ പറഞ്ഞു.

    


    സമീപഗ്രാമത്തിലെ ഒരു യാത്രക്കാരനെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാലോടെയാണ് ആക്രമണം. കാറിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കച്ചാവയുടെ വാഹനം തടഞ്ഞുനിര്‍ത്തി പുകയില ആവശ്യപ്പെട്ടു. എന്നാല്‍ ഇദ്ദേഹം നല്‍കിയ പുകയില സ്വീകരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഇതിനു ശേഷമാണ് 'ജയ് മോദി', 'ജയ് ശ്രീറാം' എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കച്ചാവ ഇത് വിസമ്മതിച്ചതോടെ വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ശംഭു ദയാല്‍ ജാട്ട്(35), രാജേന്ദ്ര ജാട്ട്(30) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ആറു മണിക്കൂറിനുള്ളില്‍ അക്രമികളെ പിടികൂടിയെന്നും പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സികാര്‍ പോലിസ് ഓഫിര്‍ പുഷ്പേന്ദ്ര സിങ് പറഞ്ഞു.

Beaten For Not Chanting "Jai Shri Ram", "Modi Zindabad": Rajasthan Driver



Tags:    

Similar News