'പ്രധാന അപകടം ബിജെപി'; ബിജെപിക്കെതിരേ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മമത സര്‍ക്കാര്‍ യുഎപിഎ ചുമത്തിയ പൊതുപ്രവര്‍ത്തകരും

ബിജെപിക്കെതിരേ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് നേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ബിജെപി ഒഴികേയുള്ള ഏത് പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാമെന്നും അവര്‍ വ്യക്തമാക്കി.

Update: 2021-01-07 12:40 GMT

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രീയ വൈര്യം മറന്ന് ബിജെപിക്കെതിരേ ഒന്നിക്കണമെന്ന ആഹ്വാനവുമായി പൊതു പ്രവര്‍ത്തകരും ബുദ്ധി ജീവികളും. 'ബിജെപിക്ക് വോട്ട് ഇല്ല' എന്ന കാംപയിനുമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ കാംപയിന്‍ ആരംഭിച്ചത്. മമതാ ബാനര്‍ജി സര്‍ക്കാര്‍ യുപിപിഎ ചുമത്തി ജയിലില്‍ അടച്ച പൊതു പ്രവര്‍ത്തകരും ബിജെപിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ത്രിണമൂല്‍ കോണ്‍ഗ്രസ്സ്, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്താലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.

2017ല്‍ മമത സര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച ഷര്‍മിസ്ത ചൗധരി, സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ നേതാവ് ശങ്കര്‍ ദാസ് എന്നിവരും ബിജെപിക്കെതിരേ രംഗത്തെത്തി. ഭൂ സമരത്തിന് നേതൃത്വം നല്‍കിയത് ഷര്‍മിസ്ത ചൗധരിയെ മമതാ സര്‍ക്കാര്‍ ആറ് മാസമാണ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത്. ശങ്കര്‍ ദാസിനെ 2017ല്‍ മൂന്നര മാസവും 2018ല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ട് മാസവും ജയിലില്‍ അടച്ചു. ത്രിണമൂല്‍ ഭരണകൂടം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിച്ചെങ്കിലും ബിജെപിക്കെതിരേ ഒന്നിച്ചു നില്‍ക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.

ടിഎംസി ഒരു കൂട്ടം മോഷ്ടാക്കളാണെങ്കില്‍, ബിജെപി കൊള്ളസംഘമാണ്. ഈ യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തിപരമായ പ്രതികാരങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഇത് വിശാലമായ രാഷ്ട്രീയ ഐക്യത്തിന്റെ സമയമാണ്.' സിപിഐ (എംഎല്‍) (റെഡ് സ്റ്റാര്‍) കേന്ദ്ര കമ്മിറ്റി അംഗം ചൗധരി പറഞ്ഞു.

തെക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ഞങ്ങളുടെ ട്രേഡ് യൂനിയന്‍ ഓഫിസുകളിലൊന്ന് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് ഞാന്‍ ഇപ്പോള്‍ വടക്കന്‍ ബംഗാളിലാണ്. ഞങ്ങള്‍ ടിഎംസിയോട് പോരാടുകയാണ്. ഇതൊക്കെയാണെങ്കിലും, ടിഎംസി, സിപിഎം, കോണ്‍ഗ്രസ് എന്നിങ്ങനെ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളോടുള്ള ഞങ്ങളുടെ ആഹ്വാനം. ബിജെപിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തരുത്, 'ചൗധരി പറഞ്ഞു. ബിജെപിക്കെതിരേ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് നേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ബിജെപി ഒഴികേയുള്ള ഏത് പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാമെന്നും അവര്‍ വ്യക്തമാക്കി.

Tags:    

Similar News