രാമനവമി റാലി സംഘര്‍ഷം: ബംഗാളില്‍ 16 മുസ് ലിംകളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Update: 2024-02-27 14:15 GMT
രാമനവമി റാലി സംഘര്‍ഷം: ബംഗാളില്‍ 16 മുസ് ലിംകളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഒരു വര്‍ഷത്തിന് ശേഷം 16 മുസ് ലിംകളെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ദല്‍ഖോല പ്രദേശത്ത് രാമനവമി ഘോഷയാത്രയ്ക്കിടെ ഗൂഢാലോചന നടത്തുകയും ആക്രമണം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2023 മാര്‍ച്ച് 30നാണ് സംഘര്‍ഷം അരങ്ങേറിയത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദല്‍ഖോലയിലെ നിവാസികളായ അഫ്രോജ് ആലം, മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ഇംതിയാസ് ആലം, ഇര്‍ഫാന്‍ ആലം, കൈസര്‍, മുഹമ്മദ് ഫരീദ് ആലം, മുഹമ്മദ് ഫുര്‍ഖാന്‍ ആലം, മുഹമ്മദ് പപ്പു, മുഹമ്മദ് സുലൈമാന്‍, മുഹമ്മദ് സര്‍ജന്‍, മുഹമ്മദ് നൂറുല്‍ ഹുദ, മുഹമ്മദ് സലാഹുദ്ദീന്‍, മുഹമ്മദ് ജന്നത്ത് ആലം, 'വിക്കി' എന്ന വസീം അക്രം, മുഹമ്മദ് തന്‍വീര്‍ ആലം തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആറ് കേസുകളുടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ 2023 ഏപ്രില്‍ 27ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വ സംഘടനകള്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെങ്കിലും മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഹിന്ദുത്വ സംഘടനകള്‍ക്കാനോ എന്‍ ഐഎ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ല. പകരം, വിദ്വേഷ ആക്രമണത്തിന്റെ ഇരകളായ മുസ്‌ലിംകളെ കേസുകളില്‍പെടുത്തി അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. മുസ് ലിംകളെ അറസ്റ്റ് ചെയ്ത എന്‍ ഐഎ നടപടിയെ ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചു.

Tags:    

Similar News