ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; സുവേന്ദു അധികാരിയുടെ സഹോദരന്റെ കാര്‍ തകര്‍ത്തു, ഡ്രൈവര്‍ക്ക് മര്‍ദ്ദനം
മൂന്ന് പോളിങ് ബൂത്തുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാം കോവിന്ദ് ദാസിന്റെയും ഭാര്യയുടെയും നേതൃത്വത്തില്‍ തട്ടിപ്പ് നടക്കുകയായിരുന്നു. താന്‍ ഇവിടെ എത്തിയതിനാല്‍ അവരുടെ കൃത്രിമത്വം തടസ്സപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് വാഹനം തല്ലിത്തകര്‍ത്തതെന്ന് സോമേന്ദു അധികാരി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്.
കൊല്‍ക്കത്ത: ഒന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ വ്യാപക അക്രമം. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നന്ദിഗ്രാമിലെ സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാറിന് നേരേ ആക്രമണം. ഈസ്റ്റ് മിഡ്‌നാപൂരിലെ കൊണ്‍ടായ് ടൗണില്‍ വച്ചാണ് അക്രമം നടന്നത്. കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. തന്റെ ഡ്രൈവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റതായി സോമേന്ദു ആരോപിച്ചു. മൂന്ന് പോളിങ് ബൂത്തുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാം കോവിന്ദ് ദാസിന്റെയും ഭാര്യയുടെയും നേതൃത്വത്തില്‍ തട്ടിപ്പ് നടക്കുകയായിരുന്നു.
താന്‍ ഇവിടെ എത്തിയതിനാല്‍ അവരുടെ കൃത്രിമത്വം തടസ്സപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് വാഹനം തല്ലിത്തകര്‍ത്തതെന്ന് സോമേന്ദു അധികാരി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ഗുണ്ടകളാണ് അക്രമത്തിന് ഉത്തരവാദികളെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. മറ്റ് തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശനിയാഴ്ചത്തെ വോട്ടെടുപ്പ് കൂടുതല്‍ സമാധാനപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ തകര്‍ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കൂട്ടാളികളെ ക്രൂരമായി ആക്രമിച്ചതായി സുവേന്ദുവിന്റെ സഹോദരന്‍ സോമെന്ദു പറഞ്ഞു. രാം ഗോവിന്ദ് ദാസാണ് ജനക്കൂട്ടത്തിന് നേതൃത്വം നല്‍കിയത്.
പ്രദേശത്തെ ബ്ലോക്ക് പ്രസിഡന്റാണ് ദാസ്. തന്നെ കല്ലുകൊണ്ട് മര്‍ദ്ദിച്ചതായി ഡ്രൈവര്‍ ഗോപാല്‍ സിങ് പറഞ്ഞു. സംസ്ഥാനത്തെ കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് കാന്തി സൗത്ത്. ബംഗാളിലെ അന്യായമായ തിരഞ്ഞെടുപ്പ് നടപടികള്‍ക്കെതിരേ നന്ദിഗ്രാം പോലിസിനും ടിഎംസിക്കുമെതിരേ സോമേന്ദു അധികാരി രംഗത്തുവന്നിരുന്നു. ഹാല്‍ദിയ അഡീഷനല്‍ എസ്പി പാര്‍ത്ത ഘോഷ്, ഹാല്‍ദിയ എസ്ഡിപിഒ ബരുണ്‍ബൈദ്യ തുടങ്ങിയവരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുവേന്ദു അധികാരി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്.