സിഖ് വിദ്യാര്‍ത്ഥിയോട് തലപ്പാവ് അഴിക്കണമെന്ന് ബംഗളൂരു കോളജ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു

Update: 2022-02-24 07:33 GMT

ബംഗളൂരു: ക്ലാസില്‍ പ്രവേശിക്കണമെങ്കില്‍ തലപ്പാവ് അഴിക്കണമെന്ന് ബംഗളൂരുവിലെ കോളജ് അധികൃതര്‍ സിഖ് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കാംപസുകളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതിനിടെ നിലവില്‍ യൂനിഫോം മാന്‍ഡേറ്റ് ഉള്ള സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രം ധരിക്കുന്നത് വിലക്കി ഫെബ്രുവരി 10 ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചണ്ടിക്കാട്ടിയാണ് മൗണ്ട് കാര്‍മല്‍ പിയു കോളജ് അമൃതധാരി സിഖുകാരിയായ 17 കാരിയായ വിദ്യാര്‍ത്ഥിയോട് ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ തലപ്പാവ് അഴിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഫെബ്രുവരി 16 ന് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ തന്റെ മകളോട് ക്ലാസ് മുറിയില്‍ ഇരിക്കുമ്പോള്‍ തലപ്പാവ് അഴിച്ചുമാറ്റാമോ എന്ന് വിനയപൂര്‍വ്വം ചോദിച്ചതോടെയാണ് വിഷയം ആദ്യം ഉയര്‍ന്നതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് ഗുരുചരണ്‍ സിംഗ് പറഞ്ഞു. 'എന്നാല്‍ താന്‍ സ്‌നാനമേറ്റതായി (അമൃതധാരി സിഖ് ആയി) അവള്‍ വിശദീകരിച്ചു. ഇത് നമ്മുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്, ഞങ്ങള്‍ ഒരിക്കലും തലപ്പാവ് ധരിക്കാതെ പുറത്തിറങ്ങില്ല. അന്ന് തന്നെ ഞാന്‍ കോളജ് അഡ്മിനിസ്‌ട്രേഷന് ഒരു ഇമെയില്‍ അയയ്ക്കുകയും ഞങ്ങളുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായ അഞ്ച് കാര്യങ്ങളെ കുറിച്ച് അവര്‍ക്ക് വിശദീകരിക്കുകയും ചെയ്തു' 'അദ്ദേഹം പറഞ്ഞു.

കോളേജില്‍ നിന്ന് തന്റെ ഇമെയിലിന് മറുപടി ലഭിക്കാത്തപ്പോള്‍, മകളെ പതിവുപോലെ ക്ലാസില്‍ പോകാന്‍ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹൈക്കോടതി ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ ഫെബ്രുവരി 23 ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളജ് സന്ദര്‍ശിച്ചപ്പോഴാണ് വിഷയം വീണ്ടും ഉയര്‍ന്നത്.

'ഇന്നലെ (ഫെബ്രുവരി 23) കോളജ് അധികൃതര്‍ എന്നെ കാണണമെന്ന് പറഞ്ഞ് എന്റെ മകള്‍ എന്നെ വിളിച്ചു,' അദ്ദേഹം പറഞ്ഞു. എന്നാല്‍ തിരക്കിലായതിനാല്‍ ടെലിഫോണ്‍ സംഭാഷണം നടത്താമോ എന്ന് അദ്ദേഹം ചോദിച്ചു. 'അവര്‍ എന്നെ വിളിച്ചു, അവര്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരാമര്‍ശിക്കുകയും അത് പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു, എന്റെ മകള്‍ക്ക് തലപ്പാവ് ഇല്ലാതെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. അഴിച്ചുമാറ്റി തിരികെ ധരിക്കാവുന്ന തൊപ്പിയല്ല അത് എന്ന് ഞാന്‍ അവരോട് വിശദീകരിച്ചു. തലപ്പാവ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.

'മറ്റ് ചില വിദ്യാര്‍ത്ഥികള്‍ തലപ്പാവ് ലക്ഷ്യമാക്കിയിരിക്കാം. ഭരണഘടന പ്രകാരമുള്ള അവകാശങ്ങള്‍ക്കായി ജനങ്ങള്‍ പോരാടണമെന്നും എന്നാല്‍ മറ്റുള്ളവരെ ലക്ഷ്യം വയ്ക്കരുതെന്നും ഞാന്‍ കരുതുന്നു. ഹൈക്കോടതി ഉത്തരവില്‍ തലപ്പാവ് നിയന്ത്രിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അധികാരികള്‍ ഇപ്പോള്‍ വ്യക്തത നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,' ഗുരുചരണ്‍ സിംഗ് പറഞ്ഞു.

അതേസമയം, ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് മറ്റ് ചില വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉന്നയിച്ചതിനാല്‍ വിദ്യാര്‍ത്ഥിയോട് ഒരിക്കലും തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അവളുടെ നിലപാട് വിശദീകരിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും മൗണ്ട് കാര്‍മല്‍ പിയു കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 'യഥാര്‍ത്ഥത്തില്‍ ഒരു പ്രശ്‌നവുമില്ല, ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. അവള്‍ തലപ്പാവ് നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ ഒരിക്കലും ശഠിച്ചിട്ടില്ല. ഹിജാബ് ധരിക്കാനുള്ള തങ്ങളുടെ അവകാശത്തെക്കുറിച്ച് വാചാലരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് തലപ്പാവും വളകളും ചങ്ങലയും അനുവദിക്കാമോ എന്ന് ചോദിച്ചത്. ഞങ്ങള്‍ ഒരിക്കലും ഈ വിഷയം സ്വയം ഉന്നയിച്ചിട്ടില്ല. ' കോളജിന്റെ അഡ്മിനിസ്‌ട്രേറ്ററായ എം ജെനീവീവ് ടിഎന്‍എമ്മിനോട് പറഞ്ഞു.

സിഖ് വിദ്യാര്‍ത്ഥിയോട് ഒരിക്കലും ക്ലാസിന് പുറത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവള്‍ സ്‌നാനമേറ്റതായും തലപ്പാവ് ധരിക്കുന്നത് അവളുടെ ജീവിതരീതിയുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു'. കോളജ് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News