കൊവിഡ് ബാധിതയായ വീട്ടമ്മ ആംബുലന്‍സിനു കാത്തിരുന്നത് എട്ടുമണിക്കൂര്‍
കര്‍ണാടകയില്‍ കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്
ബെംഗളൂരു: കൊവിഡ് ബാധിതയായ വീട്ടമ്മ ആംബുലന്‍സിനു വേണ്ടി റോഡില്‍ കാത്തിരുന്നത് എട്ടുമണിക്കൂര്‍. ബെംഗളൂരുവിലെ 50 വയസ്സുകാരിക്കാണ് ദുരിതാനുഭവം. സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് വരുമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് ഒന്നോടെ ആംബുലന്‍സിന് വേണ്ടി വീടിനു പുറത്ത് കാത്തിരുന്നെങ്കിലും ആംബുലന്‍സെത്തിയത് രാത്രി ഒമ്പതോടെയാണ്. എട്ടുമണിക്കൂറും ഇവര്‍ വീടിനു പുറത്ത് കഴിയുകയായിരുന്നു. ഈ സമയം ഭര്‍ത്താവും മകനും വീടിനുള്ളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
'ഞാന്‍ ഒരു ആശുപത്രിയില്‍ പോയി ഇന്നലെ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി. ഞാന്‍ വീട്ടില്‍ സുഖമായി വിശ്രമിക്കുകയായിരുന്നു. ജലദോഷമോ ചുമയോ പനിയോ തലവേദനയോ ഉണ്ടായിരുന്നില്ല. ഞാന്‍ വസ്ത്രങ്ങള്‍ കഴുകുകയും പാചകം ചെയ്യുകയും ചെയ്തു. ഉച്ചക്ക് ഒന്നിന് കഗലിപുര ആശുപത്രിയില്‍ നിന്ന് എനിക്ക് പോസിറ്റീവ് ആണെന്ന് ഒരു കോള്‍ ലഭിച്ചു. വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്ത് ആംബുലന്‍സിന് തയ്യാറാകാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോള്‍ മുതല്‍ കാത്തിരിക്കുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. വീട്ടമ്മ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
കര്‍ണാടകയില്‍ കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റഇപോര്‍ട്ട് ചെയ്തതാണ് ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് 23,474 കൊവിഡ് ബാധിതരും 372 മരണവുമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
Bengaluru Covid +ve Woman's 8-Hour Wait Outside Home For An Ambulance