ഉവൈസി പങ്കെടുത്ത പരിപാടിക്കിടെ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച അമൂല്യ ലയോന റിമാന്റില്‍
വിദ്യാര്‍ഥിനി പ്രസംഗത്തിന് മുന്‍പ് ഫേസ്ബുക്കില്‍ തന്റെ ആശയം വ്യക്തമാക്കിയിരുന്നു. എല്ലാ രാജ്യങ്ങള്‍ക്കും അനുകൂലമായി മുദ്രാവാക്യം മുഴക്കുമെന്നും അതില്‍ എന്താണ് തെറ്റെന്നുമായിരുന്നു വിദ്യാര്‍ഥിനിയുടെ ചോദ്യം.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി പങ്കെടുത്ത റാലിയിലാണ് ലിയോന പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയത്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്താന്‍ സിന്ദാബാദ് തുടങ്ങി മുദ്രാവാക്യം തുടരുന്നതിനിടെ ഉവൈസിയെത്തി മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു.
സംഭവത്തിന് ശേഷം ലിയോനയൂടെ പിതാവിനെ വ്യാഴാഴ്ച രാത്രി സംഘ്പരിവാര്‍ സംഘം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തിരുന്നു. മകളെ തള്ളിപ്പറഞ്ഞ അദ്ദേഹം ജാമ്യം ലഭിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ചിക്കമംഗളൂരു ജില്ലയില്‍ കോപ്പ ശിവപുരം ഗ്രാമത്തില്‍ ലിയോനയുടെ വീടിന് നേരെ കല്ലേറുണ്ടായി. സ്ഥലത്ത് പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. ലിയോന പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വേദി പങ്കിട്ട മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് വിദ്യാര്‍ഥിനി പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോന എന്ന വിദ്യാര്‍ഥിനി വേദിയിലെത്തി പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്.
വിദ്യാര്‍ഥിനിയുടെ അപ്രതീക്ഷിത നടപടിയില്‍ സദസും വേദിയിലുണ്ടായിരുന്ന നേതാക്കളും ഞെട്ടിത്തരിച്ചെങ്കിലും പെട്ടെന്ന് തന്നെ ഉവൈസി വിദ്യാര്‍ഥിനിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥിനിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി.
പരിപാടിയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയ വിദ്യാര്‍ഥിനി പാകിസ്താന്‍ സിന്ദാബാദ് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്താന്‍ സിന്ദാബാദ് എന്നും ഇവര്‍ ആവര്‍ത്തിച്ചു. പറയുന്നത് പൂര്‍ത്തിയാക്കും മുന്‍പ് ഉവൈസി മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഉവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പോലിസ് ഉദ്യോഗസ്ഥരും വേദിയിലെത്തി വിദ്യാര്‍ഥിനിയെ തടഞ്ഞു. പറയുന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ വേദിയില്‍ നിന്നും പോലിസ് ബലംപ്രയോഗിച്ച് കൊണ്ടുപോയി.
അതേസമയം, വിദ്യാര്‍ഥിനി പ്രസംഗത്തിന് മുന്‍പ് ഫേസ്ബുക്കില്‍ തന്റെ ആശയം വ്യക്തമാക്കിയിരുന്നു. എല്ലാ രാജ്യങ്ങള്‍ക്കും അനുകൂലമായി മുദ്രാവാക്യം മുഴക്കുമെന്നും അതില്‍ എന്താണ് തെറ്റെന്നുമായിരുന്നു വിദ്യാര്‍ഥിനിയുടെ ചോദ്യം. 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്, ബംഗ്ലാദേശ് സിന്ദാബാദ്, ശ്രീലങ്ക സിന്ദാബാദ്, അഫ്ഖാനിസ്താന്‍ സിന്ദാബാദ്, ചൈന സിന്ദാബാദ്, ബൂട്ടാന്‍ സിന്ദാബാദ്, എല്ലാ രാജ്യങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നു. ഇതായിരുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍. ഇക്കാര്യം തന്നേയാണ് അവര്‍ വേദിയില്‍ പറയാന്‍ ശ്രമിച്ചതെന്നും പറയുന്നത് പൂര്‍ത്തിയാകും മുമ്പ് സംഘാടകരും പോലിസും തടഞ്ഞതാണ് പ്രശ്‌നമായതെന്നും അവരെ അനുകൂലിച്ച് രംഗത്തെത്തിയവര്‍ പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥിനിയുടെ നടപടിയില്‍ അസദുദ്ദീന്‍ ഉവൈസി അപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യുവതിയുടമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് സിന്ദാബാദ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഉവൈസി വ്യക്തമാക്കി.