രസതന്ത്ര നോബേല്‍ പങ്കിട്ട് ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും
അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.
സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ പുരസ്‌കാരം രണ്ട് പേര്‍ക്ക്. ബെഞ്ചമിന്‍ ലിസ്റ്റിനും , ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്‌കാരം. അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.
രണ്ടായിരം വരെ രണ്ട് തരം ത്വരകങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ലോഹ ത്വരകങ്ങളും എന്‍സൈമുകളും. ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്. ചെറിയ ജൈവ കണികകളെ ഉപയോഗിച്ച് രാസപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇവര്‍ കണ്ടെത്തി.
ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറാണ് ബെഞ്ചമിന്‍ ലിസ്റ്റ്. മാക്മില്ലന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രഫസറാണ്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവരാണ് പുരസ്‌കാരം നേടിയത്. ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകര്‍ഷിച്ചത്.ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്‌നുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്
ശരീരോഷ്മാവിനെയും സ്പര്‍ശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്.