അണ്ണാ സര്‍വകലാശാലയില്‍ പഠനവിഷയമായി ഭഗവദ്ഗീതയും ഉപനിഷത്തും; പ്രതിഷേധം ശക്തം

ഒരാളുടെ വ്യക്തിത്വ വികസനത്തിന് ഗീതാ പഠനം സഹായകരമാണെന്നും ജീവിതത്തില്‍ ഉന്നതി വിജയം കൈവരിക്കാന്‍ ഗീതാപഠനം സഹായകമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു

Update: 2019-09-26 15:13 GMT

ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ ഭഗവത്ഗീതയും ഉപനിഷത്തും പഠനവിഷയമായി ഉള്‍പെടുത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധം. ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സിന്റെ ഭാഗമായാണ് സര്‍വകലാശാല ഭഗവദ്ഗീതയും ഉപനിഷത്തും ഉള്‍പ്പെടുത്തിയത്. ആറ് ഐച്ഛിക വിഷയങ്ങളാണ് സര്‍വകലാശാല കോഴ്‌സ് സിലബസിന്റെ ഭാഗമായി ഉള്‍പെടുത്തിയത്. മൂന്നാം സെമസ്റ്ററിലെ ഐച്ഛിക വിഷയമായിട്ടാണ് ഫിലോസഫി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് സ്വാമി സ്വരൂപാനന്ദയുടെ ശ്രീമത് ഭഗവത് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഒരാളുടെ വ്യക്തിത്വ വികസനത്തിന് ഗീതാ പഠനം സഹായകരമാണെന്നും ജീവിതത്തില്‍ ഉന്നതി വിജയം കൈവരിക്കാന്‍ ഗീതാപഠനം സഹായകമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സര്‍വകലാശാലാ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധയിടങ്ങളില്‍ നിന്നുയരുന്നത്. മറ്റ് മതഗ്രന്ഥങ്ങളെ ഒഴിവാക്കി ഭഗവദ്ഗീത പഠനവിഷയമാക്കിയത് ഹിന്ദുമതം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകര്‍ ആരോപിച്ചു.

മൂന്നാം സെമസ്റ്ററില്‍ ഫിലോസഫി നിര്‍ബന്ധമാക്കിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ആക്ടിവസ്റ്റ് പ്രിന്‍സ് ഗജേന്ദ്ര ബാബു പറഞ്ഞു. നിര്‍ബന്ധ വിഷയമാണെങ്കിലും അല്ലെങ്കിലും മതഗ്രന്ഥങ്ങള്‍ പാഠ്യപപദ്ധതിയില്‍ കൊണ്ടുവരരുത്്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ശാസ്ത്രം ചോദ്യം ചോദിക്കാനാണ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥികളെ മതത്തില്‍ നിര്‍ബന്ധപൂര്‍വ്വം വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃതം അടിച്ചേല്‍പ്പിക്കരുത് എന്നാവശ്യപ്പെട്ട് സര്‍വകലാശാലക്കെതിരേ ഡിഎംകെയും ഇടത് പാര്‍ട്ടികളും രംഗത്തെത്തി. ഫിലോസഫി നിര്‍ബന്ധമാക്കുകയും സംസ്‌കൃതം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവാത്തതാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ വകുപ്പും സിലബസ് പുനപ്പരിശോധിക്കാന്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് മത നിരപേക്ഷതയ്‌ക്കെതിരാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു. പല മതങ്ങളില്‍ വിശ്വസിക്കുന്നവരോട് ഏതെങ്കിലും ഒരു മതത്തെക്കുറിച്ച് പഠിക്കാന്‍ പറയുന്നത് തെറ്റാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ ഗീതാ പഠനം ഐച്ഛിക വിഷയമാണെന്നും ആരേയും അടിച്ചേല്‍പ്പിക്കില്ലെന്നും ഇഷ്ടാനുസരണം വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ എംകെ സുരപ്പ പറഞ്ഞു. 

Tags:    

Similar News