'ഭാരത് ഡോജോ യാത്ര ഉടന്‍'; ആയോധന കലയുടെ വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി(വീഡിയോ)

എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ കുട്ടികളെ വിവിധ ആയോധന വിദ്യകള്‍ പഠിപ്പിക്കുന്നതാണ് കാണിക്കുന്നത്.

Update: 2024-08-29 12:05 GMT

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നടത്തിയ ആയോധന കലയിലെ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഭാരത് ഡോജോ യാത്ര' ഉടന്‍ വരുമെന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വീഡിയോ പങ്കുവച്ചത്. ആയോധന കലകള്‍ക്കായുള്ള പരിശീലന ഹാള്‍ അല്ലെങ്കില്‍ സ്‌കൂള്‍ എന്നതാണ് ഡോജോ കൊണ്ട്  ഉദ്ദേശിക്കുന്നത്. 'ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍, ഞങ്ങളുടെ ക്യാംപ് സൈറ്റില്‍ എല്ലാ വൈകുന്നേരങ്ങളിലും ജിയു-ജിറ്റ്‌സു പരിശീലിക്കുന്ന ദിനചര്യയുണ്ടായിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ലളിതമായ മാര്‍ഗം ഒരു കമ്മ്യൂണിറ്റി പ്രവര്‍ത്തനമായി പരിണമിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന പട്ടണങ്ങളില്‍ നിന്നുള്ള സഹയാത്രികരും യുവ ആയോധനകല വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്നതാണ് ഇതെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ എഴുതി.

  

എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ കുട്ടികളെ വിവിധ ആയോധന വിദ്യകള്‍ പഠിപ്പിക്കുന്നതാണ് കാണിക്കുന്നത്. ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റും ജിയു-ജിറ്റ്‌സുവില്‍ ബ്ലൂ ബെല്‍റ്റും നേടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. 'മെഡിറ്റേഷന്‍, ജിയു-ജിറ്റ്‌സു, ഐക്കിഡോ, അഹിംസാത്മക സംഘര്‍ഷ പരിഹാര വിദ്യകള്‍ എന്നിവയുടെ സമന്വയമായ 'ജെന്റില്‍ ആര്‍ട്ടിന്റെ' സൗന്ദര്യം യുവ മനസ്സുകളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അക്രമം ഇല്ലാതാക്കുന്നതിന്റെ മൂല്യം അവരില്‍ വളര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്. സൗമ്യതയിലേക്ക്, കൂടുതല്‍ അനുകമ്പയുള്ളതും സുരക്ഷിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വിദ്യകള്‍ അവര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ദേശീയ കായിക ദിനത്തില്‍ ഞങ്ങളുടെ അനുഭവം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങളില്‍ ചിലരെ 'സൗമ്യമായ കല' പരിശീലിപ്പിക്കാന്‍ അത് പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു.

    2022 സപ്തംബറിനും 2023 ജനുവരിക്കും നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് രണ്ട് മാസത്തോളം നീണ്ട ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയത്.

Tags:    

Similar News