ദലിത് കോളനിയിലേക്കുള്ള ജാതിഗേറ്റ് പൊളിച്ചുമാറ്റി ഭീം ആര്‍മി പ്രവര്‍ത്തകര്‍
ഇടുക്കി: ദലിത് കോളനിയിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ജാതിഗേറ്റ് പൊളിച്ചുമാറ്റി ഭീം ആര്‍മി പ്രവര്‍ത്തകര്‍. തൊടുപുഴയ്ക്കു സമീപത്തെ മുട്ടം പാമ്പാനി ദലിത് കോളനി റോഡിന് കുറുകെ മലങ്കര എസ്‌റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ജാതി ഗേറ്റാണ് ഭീം ആര്‍മി പ്രവര്‍ത്തകരെത്തി പൊളിച്ചുമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ്, സിപിഎം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
നിരവധി ദലിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് മലങ്കര എസ്‌റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ഗേറ്റ് 26 വര്‍ഷമായി പ്രദേശത്തുണ്ട്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗേറ്റ് മാറ്റണമെന്ന് ഉത്തരവിട്ടെങ്കിലും മാറ്റിയിരുന്നില്ല. ഇതോടെയാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ ചുറ്റിക ഉള്‍പ്പെടെയുള്ളവയുമായെത്തി ഗേറ്റ് തകര്‍ത്തത്. ഗേറ്റ് അടക്കുന്നതു കാരണം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മതില്‍ ചാടിക്കടന്നാണ് റോഡിലേക്ക് പോയിരുന്നത്.
1993ല്‍ പട്ടിക ജാതി വിഭാഗങ്ങക്കാരായ 30 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇവിടെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കോളനിയിലേക്കുള്ള വഴിതര്‍ക്കം കാരണം 11 കുടുംബങ്ങള്‍ മാത്രമാണ് താമസം തുടങ്ങിയത്. അതില്‍തന്നെ കുറച്ചുപേര്‍ പിന്നീട് സ്ഥലം ഉപേക്ഷിച്ച് പോയി. നിലവില്‍ 40ഓളം കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോവാനുള്ള ഏകവഴി തടഞ്ഞാണ് മലങ്കര മാനേജ്‌മെന്റ് ജാതിഗേറ്റ് സ്ഥാപിച്ചത്. അടിയന്തിര ആവശ്യങ്ങള്‍ക്കു പോലും ഗേറ്റ് തുറക്കാനാവാതെ ബുദ്ധിമുട്ടിയതോടെയാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത്.
Bhim Army activists demolish the caste gate to Dalit colony