മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി രാജ്യദ്രോഹിയാണെന്ന് കുണാല്‍ കമ്ര; വേദി അടിച്ചുതകര്‍ത്ത് ശിവസേന പ്രവര്‍ത്തകര്‍(വീഡിയോ)

Update: 2025-03-24 00:14 GMT
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി രാജ്യദ്രോഹിയാണെന്ന് കുണാല്‍ കമ്ര; വേദി അടിച്ചുതകര്‍ത്ത് ശിവസേന പ്രവര്‍ത്തകര്‍(വീഡിയോ)

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന ഹാസ്യാവതാരകന്‍ കുണാല്‍ കമ്രയുടെ പരാമര്‍ശത്തിന് പിന്നാലെ പരിപാടിയുടെ വേദിയായിരുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ശിവസേന പ്രവര്‍ത്തകര്‍. ഖറിലെ ദി യൂണികോണ്ടിനെന്റല്‍ മുംബൈ ഹോട്ടലാണ് ഹിന്ദുത്വര്‍ അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് കുണാല്‍ കമ്രക്കെതിരെ പോലിസിലും പരാതി നല്‍കി.

2022ല്‍, അന്നത്തെ മുഖ്യമന്ത്രിയും അവിഭക്ത ശിവസേനയുടെ തലവനുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഏക്‌നാഥ് ഷിന്‍ഡെ നടത്തിയ നീക്കങ്ങളെ പരാമര്‍ശിച്ചാണ് കുണാല്‍ കമ്ര രാജ്യദ്രോഹി പരാമര്‍ശം നടത്തിയത്. ഇതേതുടര്‍ന്ന് കുണാലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍, കുണാലിന് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ രംഗത്തെത്തി. കുണാല്‍ കമ്ര പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് ആദിത്യ താക്കറെ പറഞ്ഞു.

കുണാല്‍ കമ്ര പരിപാടിയില്‍ സംസാരിച്ചതിന്റെ വീഡിയോ

ഉദ്ധവ് താക്കറെയില്‍ നിന്നും പണം വാങ്ങിയാണ് കുണാല്‍ കുമ്ര പരിപാടി നടത്തിയതെന്ന് ശിവസേന എംപിയായ നരേഷ് മസ്‌കെ ആരോപിച്ചു. ''കമ്ര ഒരു കരാര്‍ ഹാസ്യനടനാണ്. പക്ഷേ അദ്ദേഹം ഒരു പാമ്പിന്റെ വാലില്‍ ചവിട്ടാന്‍ പാടില്ലായിരുന്നു. രാജ്യത്തുടനീളം നിങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഞങ്ങള്‍ അന്തരിച്ച ബാലാസാഹിബ് താക്കറെയുടെ ശിവസൈനികരാണ്. ഞങ്ങള്‍ നിങ്ങളെ പിന്തുടരാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ രാജ്യം വിടേണ്ടിവരും''- നരേഷ് മസ്‌കെ ഭീഷണി മുഴക്കി.

Similar News