വഖ്ഫ് നിയമഭേദഗതിക്കെതിരെ പറ്റ്‌നയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്;നിയമസഭയില്‍ പ്രതിഷേധിച്ച് ആര്‍ജെഡി (video)

പറ്റ്‌ന: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരേ ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. അസുഖബാധിതനായതിനാല്‍ അവശനിലയിലുള്ള ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വീല്‍ ചെയറില്‍ സമരവേദിയില്‍ എത്തി. രാഷ്ട്രീയ ജനതാദള്‍ നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

''അസുഖം ഉണ്ടായിരുന്നിട്ടും ലാലു പ്രസാദ് യാദവ് നിങ്ങളെ പിന്തുണയ്ക്കാന്‍ ഇവിടെയുണ്ട്. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ബില്ലിനെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഞാനും ഉറച്ചുനില്‍ക്കും. പാര്‍ലമെന്റിലും നിയമസഭയിലും ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ത്തു''-തേജസ്വി യാദവ് പറഞ്ഞു.
മതസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി പറഞ്ഞു. ''വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുന്ന എംഎല്‍എക്കും എംപിക്കും താന്‍ മതേതതരനാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എല്ലാ മണ്ഡലങ്ങളിലും അവരെ പിന്തുടരണം. ചോദ്യങ്ങള്‍ ചോദിക്കണം. അവരെ വെല്ലുവിളിച്ച് തുറന്നുകാട്ടണം.''-അദ്ദേഹം പറഞ്ഞു.
VIDEO
LIVE Maha Dharna against Waqf Bill at Patna by All India Muslim Personal Law Board https://t.co/5pzQTSzbaw
— All India Muslim Personal Law Board (@AIMPLB_Official) March 26, 2025
എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, ആസാദ് സമാജ് പാര്‍ട്ടി പ്രസിഡന്റ് ചന്ദ്രശേഖര്‍ ആസാദ്, ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍, മുസ്‌ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍, സമാജ് വാദി പാര്‍ട്ടി എംപി മൊഹിബ്ബുള്ള നദ്‌വി തുടങ്ങിയവര്‍ പങ്കെടുത്തു. ആരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാലും അവരെ സംരക്ഷിക്കാന്‍ എത്തുമെന്ന് ആസാദ് സമാജ് പാര്‍ട്ടി പ്രസിഡന്റ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി പ്രതിഷേധത്തില്‍ സംസാരിക്കുന്നു
അതേസമയം, വഖ്ഫ് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയതോടെ ബിഹാര്‍ നിയമസഭ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചു. രാവിലെ 11 മണിക്ക് നടപടികള്‍ ആരംഭിച്ചയുടന്‍ സഭ പ്രക്ഷുബ്ധമായി. ബില്ലിനെതിരെ പ്ലക്കാര്‍ഡുകളുമായി ആര്‍ജെഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.
എന്നാല്‍, പ്രതിഷേധങ്ങള്‍ക്കെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ജഗദാംബിക പാല്‍ രംഗത്തെത്തി. രാജ്യവ്യാപക പ്രക്ഷോഭത്തിലൂടെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വഖ്ഫ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ജഗദാംബിക പാല്‍ ആരോപിച്ചു.