മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറിനെ അനുമോദിക്കാന്‍ അനുമതി നല്‍കി ബോംബെ ഹൈക്കോടതി; ഇന്ന് വൈകീട്ട് മലേഗാവില്‍ വച്ച് 'ഹിന്ദു വീര്‍' പുരസ്‌കാരം നല്‍കും

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി പ്രജ്ഞാ സിങ് താക്കൂറിനെ അനുമോദിക്കാനുള്ള പരിപാടിക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കി. സകല്‍ ഹിന്ദു സമാജ് എന്ന സംഘടനയാണ് ഇന്ന് മലേഗാവില്‍ വച്ച് പ്രജ്ഞാ സിങ് താക്കൂറിനെ അനുമോദിക്കുക. ഇവര്‍ക്ക് 'ഹിന്ദു വീര്‍' പുരസ്‌കാരം നല്‍കും. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷമായെന്നും ജനങ്ങള്‍ സാക്ഷരരും ബുദ്ധിയുള്ളവരും ആയെന്നും അനുമോദന ചടങ്ങിന് അനുമതി നല്‍കി കോടതി പറഞ്ഞു. പരിപാടിയില്‍ സംസാരിക്കുന്നവര്‍ സ്വന്തം ചിന്തകള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ മറ്റൊരു മതത്തിനെതിരേയും പറയില്ലെന്ന് വിശ്വസിക്കുകയാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നതാണ് ഈ വിഷയത്തിലെ തങ്ങളുടെ നിലപാടെന്നും കോടതി പറഞ്ഞു.
2008ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രധാന പ്രതിയാണ് പ്രജ്ഞാ സിങ് താക്കൂര്‍. 2008 സെപ്റ്റംബര്‍ 29ന്, മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വടക്കന്‍ മഹാരാഷ്ട്രയിലെ മലേഗാവ് നഗരത്തിലെ മുസ്‌ലിം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുവാണ് ഇവര്‍ പൊട്ടിച്ചത്. സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നൂറില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് 2011ല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി. നിലവില്‍ കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.

മാര്‍ച്ച് 30ന് വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെ 'വിരാട് ഹിന്ദു സന്ത് സമ്മേളനം' നടത്താന്‍ സകല്‍ ഹിന്ദു സമാജ് മലേഗാവ് തഹസില്‍ദാര്‍ക്കും ചവാനി പോലിസിനും അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാസിക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അപേക്ഷ നിരസിച്ചു. പ്രജ്ഞാ സിങ് താക്കൂറും പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവരാണ് എന്നാണ് പോലിസ് റിപോര്‍ട്ട് നല്‍കിയത്. ഇതേതുടര്‍ന്നാണ് സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചത്.