വഖ്ഫ് ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കണമെന്ന് ആവശ്യം; വാദം നാളെയും തുടരും
കോടതി വഖ്ഫായി പ്രഖ്യാപിച്ച സ്വത്ത് വഖ്ഫ് അല്ല എന്ന് പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി: മുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ സുപ്രിംകോടതി വാദം കേട്ടു. കേസില്‍ വാദം നാളെയും തുടരും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയുടെ തീരുമാനം. നാളെ രണ്ടു മണിക്കാണ് വാദം തുടരുക.
മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമാണ് പുതിയ നിയമത്തിലെ പല വ്യവസ്ഥകളുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പുതിയ നിയമം കലക്ടര്‍ക്ക് നല്‍കുന്ന അധികാരങ്ങളെക്കുറിച്ചും സിബല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആകെയുള്ള 8 ലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ 4 ലക്ഷം വഖ്ഫ് സ്വത്തുക്കളും 'ഉപയോക്താവിനെ അടിസ്ഥാനമാക്കിയുള്ള വഖഫ്' ആണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് വി വാദിച്ചു. മുഴുവന്‍ നിയമത്തിനും പകരം ചില വ്യവസ്ഥകളിലാണ് തങ്ങള്‍ സ്റ്റേ ആവശ്യപ്പെടുന്നതെന്ന് ശ്രീ സിങ് വി പറഞ്ഞു.
പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമം പാസാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഇത് പരിശോധിച്ച് ഇരുസഭകളും വീണ്ടും പാസാക്കിയതായും മേത്ത ചൂണ്ടിക്കാട്ടി.
വാദം കോള്‍ക്കവെ, സുപ്രധാന ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു. പുരാതന മസ്ജിദുകള്‍ക്ക് രേഖകള്‍ എങ്ങനെ ഉണ്ടാകും? എന്ന് ചോദിച്ച കോടതി പല പഴയ പള്ളികള്‍ക്കും, പ്രത്യേകിച്ച് 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളിലെ പള്ളികള്‍ക്ക്, രജിസ്റ്റര്‍ ചെയ്ത വില്‍പ്പന രേഖകള്‍ ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞു.
കോടതി വഖ്ഫായി പ്രഖ്യാപിച്ച സ്വത്ത് വഖ്ഫ് അല്ല എന്ന് പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എക്‌സ്-ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ എല്ലാവരും മുസ് ലിംകളായിരിക്കണമെന്നും കോടതി പറഞ്ഞു.
അമുസ് ലിംകള്‍ക്ക് വഖ്ഫ് ബോര്‍ഡില്‍ അംഗത്വം കൊടുക്കുന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് തിരുപ്പതി ബോര്‍ഡില്‍ അഹിന്ദുക്കളുണ്ടോ? എന്ന ചോദ്യം കോടതി ചോദിച്ചു. എങ്ങനെയാണ് വഖ്ഫ് സ്വത്തില്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ കലക്ടര്‍ തീരുമാനമെടുക്കുക എന്ന് ചോദിച്ച കോടതി അങ്ങനെ ഒരു തീരുമാനം എടുത്താല്‍ തന്നെ അത് എത്രമാത്രം സുതാര്യമാകും എന്നും ചോദിച്ചു. മുസ് ലിംകളെ ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. പുതിയ നിയമത്തിന്റെ പേരില്‍ അക്രമം നടക്കുന്നത് വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും അക്രമം അവസാനിപ്പിക്കണമെന്ന് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ മുന്നില്‍ 13ാം കേസായാണ് ഹരജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. വഖ്ഫ് ഭേദഗതിയെ ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഉവൈസി, അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ്, അര്‍ഷദ് മദനി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷെഫി(എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ്) മുഹമ്മദ് ഫസലുല്‍ റഹീം, ഡോ. മനോജ് ഝാ തുടങ്ങിയവരാണ് ഹരജികള്‍ നല്‍കിയവര്‍.