കൊടകര കള്ളപ്പണക്കേസ്‌: ഇഡി കണ്ടെത്തല്‍ ബിജെപി നേതാക്കള്‍ക്ക് കവചമൊരുക്കാന്‍: പി ആര്‍ സിയാദ്

Update: 2025-03-26 11:34 GMT
കൊടകര കള്ളപ്പണക്കേസ്‌: ഇഡി കണ്ടെത്തല്‍ ബിജെപി നേതാക്കള്‍ക്ക് കവചമൊരുക്കാന്‍: പി ആര്‍ സിയാദ്

പത്തനംതിട്ട: കൊടകര കുഴല്‍പ്പണം ബിജെപിക്കുള്ളതല്ലെന്ന ഇഡിയുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും ഇഡി ബിജെപി നേതാക്കൾക്ക് കവചമൊരുക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാർട്ടി ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറിയെടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നാല് ചാക്കുകളിലായി ആറ് കോടി രൂപ എത്തിച്ചെന്ന് സതീശ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പണം കൊണ്ടുവന്ന ധര്‍മരാജന്‍ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു സതീശന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഈ വെളിപ്പെടുത്തല്‍ ഇഡി പരിശോധിച്ചില്ല. ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് തങ്ങള്‍ അന്വേഷിച്ചതെന്നാണ് ഇഡിയുടെ ന്യായവാദം. കര്‍ണാടകയില്‍ നിന്നുമെത്തിയ പണം ബിജെപിക്കുള്ളതാണെന്നായിരുന്നു പോലിസ് കണ്ടെത്തല്‍. കേസില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ബിജെപിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന പണമാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നാണ് പോലീസ് കുറ്റപത്രം. പല മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സമര്‍ഥിച്ചത്. ഇലക്ടറൽ ബോണ്ട് വഴി കോടികളാണ് ബി ജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത്. ഇതിനുപുറമെയാണ് കർണാടകയിൽ നിന്നുൾപ്പെടെ ഹവാലപണം ഒഴുകിയതായി വാർത്തകൾ വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റ് ലഭിച്ചാൽ ബിജെപി കേരളം ഭരിക്കുമെന്ന് അന്ന് കെ സുരേന്ദ്രൻ പറഞ്ഞത് കോടികൾ ചെലവഴിച്ച് കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്നും നടന്നത് രാജ്യദ്രോഹകുറ്റമണെന്നും ഇഡി ഇതുവരെയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും തന്നെ സാക്ഷിയാക്കിയിട്ടുണ്ടോയെന്ന് പോലും അറിയില്ലെന്നുമുള്ള സതീശന്റെ പ്രതികരണം ഗൗരവതരമാണ്. കള്ളക്കേസുകള്‍ ചുമത്തിയും വ്യാജരേഖകള്‍ ചമച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും വിമര്‍ശകരെയും ലക്ഷ്യംവെക്കുന്ന ഇഡി വ്യക്തമായ തെളിവുകളുണ്ടായിട്ടും ബിജെപി നേതാക്കളെ സംരക്ഷിക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ അന്യായവും ജനാധിപത്യത്തിനു ഭീഷണിയുമാണ്. കേന്ദ്ര ബിജെപി ഭരണത്തില്‍ ഏജന്‍സികളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി ഉപയോഗപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാരണമാണ് ഇഡിയുടെ കുറ്റപത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യദാർഢ്യ സംഗമത്തിൽ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു.

ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ടി എം സുനിൽ, കെഡിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സതീഷ് പാണ്ടനാട്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാക്ക്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി, പത്തനംതിട്ട മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ആലപ്ര, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എംഡി ബാബു, ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി, ആറന്മുള മണ്ഡലം പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ റാഷിദ്‌ സംസാരിച്ചു.

Similar News