
ബെംഗളൂരു: ഐഎസ്എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്സി സെമി ഫൈനലില്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളുകളും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളുമായി ബെംഗളൂരു കളം നിറയുകയായിരുന്നു. സെമിയില്‍ എഫ്സി ഗോവയുമായാണ് ബെംഗളൂരുവിന് ഏറ്റുമുട്ടേണ്ടത്. സുരേഷ് സിങ് വാങ്ജം, എഡ്ജര്‍ മെന്‍ഡസ്, റിയാന്‍ വില്യംസ്, സുനില്‍ ഛേത്രി, പേരേര ഡയസ് എന്നിവരാണ് ബെംഗളൂരുവിനായി വല ചലിപ്പിച്ചത്.
മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ത്തന്നെ ബെംഗളൂരു ലീഡ് ചെയ്തു. വില്യംസ് നല്‍കിയ ക്രോസ് സുരേഷ് സിങ് വലയിലെത്തിക്കുകയായിരുന്നു. 42-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെന്‍ഡസ് ബെംഗളൂരുവിന്റെ ലീഡുയര്‍ത്തി. ഇതോടെ ആദ്യ പകുതി ബെംഗളൂരുവിന്റെ വ്യക്തമായ മുന്‍തൂക്കത്തോടെ അവസാനിച്ചു. രണ്ടാം പകുതിയില്‍ അര മണിക്കൂറിനിടെയാണ് തുടര്‍ന്നുള്ള മൂന്ന് ഗോളുകളും പിറന്നത്.
62-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ കൗണ്ടര്‍ അറ്റാക്കിങ്ങിനിടെ സുരേഷില്‍നിന്ന് ലഭിച്ച പന്ത് വില്യംസ് ഗോളാക്കി മാറ്റി (30). 76ാം മിനിറ്റില്‍ ഡയസ് നല്‍കിയ പാസ് ഛേത്രി മികച്ച ഒരു ഷോട്ടിലൂടെ ഗോളാക്കി മാറ്റി. ഏഴു മിനിറ്റിനുശേഷം പേരേര ഡയസും ഗോള്‍ നേടിയതോടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയായി.