ചെന്നൈ: ലോക ഫുട്‌ബോളില്‍ ഒരു കാലം തങ്ങളുടേതാക്കി മാറ്റിയ മിന്നും താരങ്ങള്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീല്‍ ഇതിഹാസങ്ങള്‍ക്കൊപ്പം. എതിരാളികളായ ഇന്ത്യന്‍ ഓള്‍ ടൈം സ്റ്റാര്‍സിനെതിരേ 2-1നാണ് ബ്രസീല്‍ വീഴ്ത്തിയത്. വിയോള, റിക്കാര്‍ഡോ ഒലിവേരിയ എന്നിവര്‍ ബ്രസീലിനായി ഗോള്‍നേടി. ഇന്ത്യക്കായി ബിബിയാനോ ഫെര്‍ണാണ്ടസ് വലകുലുക്കി.
നിറഞ്ഞ ഗ്യാലറിയില്‍ നടന്ന ആവേശ മത്സരത്തില്‍ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കൈയ്യടി നേടി. 11ാം മിനിറ്റില്‍ റൊണാള്‍ഡീന്യോയുടെ ഫ്രീകിക്ക് ഇന്ത്യയുടെ ഗോള്‍കീപ്പര്‍ സുഭാഷിക് റോയ് ചൗധരി തടുത്തിട്ടു. പിന്നാലെ മികച്ച നീക്കവുമായി റിവാള്‍ഡോയും ഇന്ത്യന്‍ ബോക്സിലേക്ക് ഇരമ്പിയെത്തി. മറുഭാഗത്ത് ഒറ്റപ്പെട്ട നീക്കവുമായി മലയാളത്തിന്റെ കറുത്തമുത്ത് ഐഎം വിജയന്‍ ബ്രസീല്‍ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്‍പി പ്രദീപും ബ്രസീല്‍ ഗോള്‍കീപ്പറെ പരീക്ഷിച്ചു
കഫു, ഗില്‍ബര്‍ട്ടോ സില്‍വ, എഡ്മില്‍സണ്‍, മാഴ്സെലോ, വിയോല, ലൂസിയോ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ബ്രസീല്‍ ജഴ്സിയില്‍ ഇറങ്ങി. മുന്‍ ബ്രസീല്‍ താരവും കോച്ചുമായ ദുംഗയാണ് പരിശീലക റോളിലെത്തിയത്. ഐഎം വിജയനാണ് ഇന്ത്യന്‍ ഓള്‍സ്റ്റാര്‍സ് ടീമിനെ നയിച്ചത്. മെഹ്താബ് ഹുസൈന്‍, സയിദ് റഹീം നബി, എന്‍പി പ്രദീപ്, അര്‍നബ് മൊണ്ടാല്‍, കരണ്‍ജിത്ത് സിങ്, ഷണ്‍മുഖം വെങ്കിടേഷ് അടക്കമുള്ളവരാണ് ഇന്ത്യക്കായി കളത്തിലിറങ്ങി. മുന്‍ ഇന്ത്യന്‍ താരം പ്രസന്ത ബാനര്‍ജിയാണ് പരിശീലകന്‍. ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്തുക ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ പ്ലസ് അക്കാഡമിയാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്.