ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു

അതേസമയം,2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതിനു സൂചന നല്‍കി തിങ്കളാഴ്ച സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറിനെ ആസാദ് സന്ദര്‍ശിച്ചു.

Update: 2020-03-03 11:43 GMT

ലഖ്‌നൗ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹോളിക്ക് ശേഷം മാര്‍ച്ച് 15ന് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ചന്ദ്രശേഖര്‍ ആസാദിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യില്‍ പരിഭ്രമം സൃഷ്ടിച്ചിട്ടുണ്ട്. ചന്ദ്രശേഖറിന്റെ പുതിയ പാര്‍ട്ടിയുമായി നിരവധി ബിഎസ്പി മുന്‍ എംഎല്‍സിമാരും ലോക്‌സഭാ സ്ഥാനാര്‍ഥികളും കൈകോര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ പാര്‍ട്ടിയുടെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഭീം ആര്‍മി എന്ന് തന്നെയാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.പുതിയ രാഷ്ടീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചന്ദ്രശേഖര്‍ ലക്‌നോവിലെത്തിയിരുന്നു. ദാലിബാഗിലെ വിഐപി അതിഥി മന്ദിരത്തില്‍വച്ച് നിരവധി പേരാണ് ചന്ദ്രശേഖര്‍ ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. ബിഎസ്പിയുടെ നിരവധി മുന്‍ നേതാക്കളും ഇതില്‍ ഉള്‍പ്പെടും. നിരവധി മുന്‍ എംഎല്‍സി മാരും ലോക്‌സഭാ സ്ഥാനാര്‍ഥികളും ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ, നിരവധി നേതാക്കള്‍ക്ക് അദ്ദേഹം അംഗത്വം നല്‍കുകയും ചെയ്തു.

ബിഎസ്പി മുന്‍ ജില്ലാ പ്രസിഡന്റ് റംലാഖാന്‍ ചൗരസ്യ, മുന്‍ ബിഎസ്പി നേതാക്കളായ ഇസ്ഹാറുല്‍ ഹഖ്, അശോക് ചൗധരി തുടങ്ങിയവരും ഭീം ആര്‍മിയില്‍ ചേര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിതാവസ്ഥയിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും അതിമോഹം കൊണ്ടല്ലെന്നും ആസാദ് പറഞ്ഞു.

നിലവിലെ സംഘടനയുടെ സമാന്തരമായിട്ടായിരിക്കും പുതിയ സംഘടനയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്താനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നതെങ്കിലും സിഎഎയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പില്‍ പോരാടുന്നതിനേക്കാള്‍ പ്രധാന്യം സിഎഎയ്‌ക്കെതിരായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതിനു സൂചന നല്‍കി തിങ്കളാഴ്ച സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറിനെ ആസാദ് സന്ദര്‍ശിച്ചു.

'ഒരു സഖ്യത്തിന്, എന്തും സംഭവിക്കാമെന്നും രാഷ്ട്രീയത്തില്‍ എല്ലായെപ്പോഴും സാധ്യതകളുണ്ടെന്നും ഞാന്‍ പറയുന്നു വരും ദിവസങ്ങളില്‍, ശക്തമായ സഖ്യത്തോടെ ബിജെപിയെ നേരിടാന്‍ തങ്ങള്‍ മുന്നോട്ട് വരും. ഞങ്ങള്‍ക്ക് ആരുടെയെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അവരുടെ സഹായവും സ്വീകരിക്കും'. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി ബന്ധം വിച്ഛേദിച്ച രാജ്ഭറിനെ സന്ദര്‍ശിച്ചതിന് ശേഷം ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൂര്‍വാഞ്ചല്‍ മേഖലയിലെ ജനസംഖ്യയുടെ 17-18 ശതമാനം വരുന്ന രാജ്ഭര്‍ സമുദായമാണ് എസ്ബിഎസ്പിയുടെ പ്രധാന വോട്ട്ബാങ്ക്.

ഗാസിപൂര്‍, മൗ, വാരണസി, ബല്ലിയ, മഹാരാജ് ഗഞ്ച്, ശ്രാവസ്തി, അംബേദ്കര്‍നഗര്‍, ബഹ്‌റൈച്ച്, ചന്ദൗലി തുടങ്ങിയ ജില്ലകളില്‍ എസ്ബിഎസ്പിക്ക് സ്വാധീനമുണ്ട്.ആസാദ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിയായ ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീം ആര്‍മിയും മുന്നണിയുടെ ഭാഗമാകും, അടുത്ത ദിവസങ്ങളില്‍ ഒദ്യോഗിക പ്രഖ്യാപനം നടത്തും. ഇപ്പോള്‍ നടന്ന കൂടിക്കാഴ്ചയിലും ഈ വിഷയം ചര്‍ച്ചയായിട്ടുണ്ടെന്ന് എസ്ബിഎസ്പി ജനറല്‍ സെക്രട്ടറി അരവിന്ദ് രാജ്ബാര്‍ പറഞ്ഞു.

Tags:    

Similar News