ദലിത് പെണ്‍കുട്ടിക്കെതിരായ ബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍
ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പോലിസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
നോയിഡ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം. ഉത്തര്‍ പ്രദേശില്‍ ക്രൂര ബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി. ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പോലിസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സഹാറന്‍പൂറില്‍ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖര്‍ ആസാദുള്ളതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എങ്ങനെയാണ് തങ്ങളുടെ സഹോദരിയെ വീട്ടുകാരുടെ സാമീപ്യവും അനുവാദവുമില്ലാതെ സര്‍ക്കാരും പൊലിസും ചേര്‍ന്ന് സംസ്‌കരിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. ഈ ആളുകളുടെ ധാര്‍മ്മികത മരിച്ചുകഴിഞ്ഞു. എന്നെ അവര്‍ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി. എങ്കിലും പോരാട്ടം തുടരും. എന്നാണ് ചന്ദ്രശേഖര്‍ ആസാദ് പോലിസ് നല്‍കിയ നോട്ടിസിനൊപ്പം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സാന്നിധ്യം ആള്‍ക്കൂട്ടം ഉണ്ടാക്കും. ഇത് ക്രമസമാധാനം തകരാന്‍ ഇടയാക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്ന് വ്യക്തമാക്കുന്നതാണ് പോലിസ് നോട്ടീസ്.
पूरी दुनिया ने देखा कि कैसे सरकार और पुलिस की मिलीभगत से रात में ही हमारी बहन का दाहसंस्कार परिजनों की गैरमौजूदगी और उनकी बिना मर्जी के किया गया। इन लोगों की नैतिकता मर चुकी है। मुझे इनकी पुलिस ने रात हिरासत में लिया और अब सहारनपुर लाकर मुझे नज़रबंद कर दिया गया। लेकिन हम लडेंगे pic.twitter.com/e36WjZfY0L
— Chandra Shekhar Aazad (@BhimArmyChief) September 30, 2020
പ്രതിഷേധ സ്വരം അടിച്ചമര്‍ത്തുന്നതിന് വേണ്ടി തന്റെ വീടിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത പോലിസ് സന്നാഹത്തേക്കുറിച്ചും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ഭീം ആര്‍മി നേതാവിന്റെ ട്വീറ്റ്.
എന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍ അല്ലെന്നും എന്നാല്‍ ക്രമസമാധാനപാലനത്തിനായി വീട്ടില്‍ തുടരാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുപി പോലിസ് പ്രതികരിക്കുന്നത്. എന്നാല്‍ എത്ര സമയം വരെ വീട്ടില്‍ തുടരണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും പോലിസ് വ്യക്തമാക്കുന്നു. ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ പോലിസ് ബലമായി സംസ്‌കരിച്ചിരുന്നു.