ഭീമാകൊറേഗാവ് കേസ്;വരവരറാവുവിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി

ഭീമാകൊറേഗാവ് കേസില്‍ കുറ്റാരോപിതര്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൂനെ പോലിസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബര്‍ ഏജന്‍സികള്‍ കണ്ടെത്തിയതായി അമേരിക്കന്‍ മാഗസീനായ വയേഡ് വെളിപ്പെടുത്തിയിരുന്നു

Update: 2022-07-12 07:45 GMT

ന്യൂഡല്‍ഹി:ഭീമ കൊറേഗാവ് കേസില്‍ കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി ജൂലൈ 19 വരെ നീട്ടി. സ്ഥിരം ജാമ്യം നല്‍കണമെന്ന വരവരറാവുവിന്റെ ഹരജി കോടതി അന്നേദിവസം പരിഗണിക്കും.ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

എന്‍ഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ മാറ്റിയത്. ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെ വരവരറാവു സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം തേടിയായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്.

2018 ഓഗസ്റ്റ് 28ന് ഹൈദരാബാദിലെ വസതിയില്‍ നിന്നാണ് വരവരറാവു അറസ്റ്റിലാകുന്നത്.സുപ്രിം കോടതിയുടെ ഉത്തരവനുസരിച്ച് ആദ്യം വീട്ടുതടങ്കലിലാക്കിയ ഇയാളെ 2018 നവംബറില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു.പിന്നീട് തലോജ ജയിലിലേക്ക് മാറ്റുകയായിരുന്നു.2021 ഫെബ്രുവരിയില്‍, ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിച്ചു, തുടര്‍ന്ന് 2021 മാര്‍ച്ച് 6 ന് ജയില്‍ മോചിതനായിരുന്നു.

അതേസമയം ഭീമാ കൊറേഗാവ് കേസില്‍ കുറ്റാരോപിതര്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൂനെ പോലിസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബര്‍ ഏജന്‍സികള്‍ കണ്ടെത്തിയതായി അമേരിക്കന്‍ മാഗസീനായ വയേഡ് കഴിഞ്ഞയിടയ്ക്ക് വെളിപ്പെടുത്തിയിരുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടാന്‍ എങ്ങനെയാണ് ഭരണകൂടം സൈബര്‍ കുറ്റകൃത്യം നടത്തുന്നതെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ആന്‍ഡി ഗ്രീന്‍ബര്‍ഗ് നിര്‍ണായക വിവരങ്ങള്‍ വയേഡില്‍ പങ്കുവച്ചത്.

ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വില്‍സന്റെ ലാപ് ടോപ്പ് പരിശോധിച്ച അമേരിക്കന്‍ സൈബര്‍ ഫോറന്‍സിക് സ്ഥാപനമായ ആര്‍സണല്‍ കണ്‍സള്‍ട്ടന്‍സി ലാപ്‌ടോപ്പില്‍ വിവരങ്ങള്‍ അറസ്റ്റിനു ശേഷം കൃത്രിമമായി ചേര്‍ത്തതാണെന്ന വിവരം പുറത്ത് വിട്ടിരുന്നു.സെന്റിനല്‍ വണ്‍ എന്ന അമേരിക്കന്‍ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ തുടര്‍ അന്വേഷണത്തിലാണ് ഈ തെളിവുകള്‍ പൂനെ പോലിസ് തന്നെ സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയത്. വരവര റാവുവിന്റെയും, റോണാ വില്‍സന്റെയും, മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന്റെയും ലാപ്‌ടോപ്പുകള്‍ ഹാക്ക് ചെയ്തു. ഇവരുടെ ഇമെയിലുകളില്‍ റിക്കവറി ഇമെയിലും ഫോണ്‍ നമ്പറും പുറമെ നിന്ന് ചേര്‍ത്തതായും കണ്ടെത്തിയിരുന്നു.

ഇങ്ങനെ ചേര്‍ത്ത ഇമെയില്‍ വിലാസം ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട പൂനെ പോലിസ് ഉദ്യോഗസ്ഥന്റേതാണ്. റിക്കവറി ഫോണ്‍ നമ്പരും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഉപയോഗിക്കുന്നത്.വാട്‌സ് ആപ് ഡിപിയില്‍ വരവര റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളന വേളയില്‍ ഇയാളെടുത്ത ഒരു സെല്‍ഫിയാണെന്നും കണ്ടെത്തിയിരുന്നു.

സെന്റിനല്‍ വണ്ണിലെ ഗവേഷകരുടെ ഈ കണ്ടെത്തലെല്ലാം ആഗസ്റ്റില്‍ അമേരിക്കയില്‍ നടക്കുന്ന ബ്ലാക് ഹാറ്റ് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പൂര്‍ണതോതില്‍ അവതരിപ്പിക്കും.

Tags:    

Similar News