പൗരത്വ ഭേദഗതി നിയമത്തിനെതിരേ നാടകം: അറസ്റ്റിലായ പ്രധാനാധ്യാപികക്കും രക്ഷിതാവിനും ജാമ്യം

സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കു പുറമെ വിദ്യാര്‍ഥിയുടെ മാതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഇരുവരും 14 ദിവസമായി ജയിലിലായിരുന്നു.

Update: 2020-02-14 17:17 GMT

ബംഗളൂരു: കര്‍ണാടകയിലെ ബീദറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത പ്രധാനാധ്യാപികക്കും രക്ഷിതാവിനും ജാമ്യം. സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കു പുറമെ വിദ്യാര്‍ഥിയുടെ മാതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഇരുവരും 14 ദിവസമായി ജയിലിലായിരുന്നു.

അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു. അഞ്ച് ദിവസത്തിനക മറുപടി നല്‍കാനാണ് നിര്‍ദേശം. ജനുവരി 26ന് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രിക്കെതിരേ പരാമര്‍ശമുണ്ടെന്ന് ആരോപിച്ചാണ് പോലിസ് കേസെടുത്തത്.

ജനുവരി 21നാണ് ബീദറിലെ ഷഹീന്‍ സ്‌കൂളിലെ കുട്ടികള്‍ പൗരത്വ നിയമം പ്രമേയമാക്കി നാടകം അവതരിപ്പിച്ചത്. നാടകത്തില്‍ മോദിയെ പരിഹസിച്ചു എന്നാരോപിച്ച് നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ദിവസങ്ങളോളം മണിക്കൂറുകള്‍ ചോദ്യം ചെയ്തത് വിവാദമായിരുന്നു. 85 വിദ്യാര്‍ഥികളെയാണ് ചോദ്യം ചെയ്തത്. ദിവസവും അഞ്ചും ആറും മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍. പോലിസ് യൂണിഫോമിലായിരുന്നു ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍.

പ്രതിഷേധം ശക്തമായപ്പോള്‍ യൂണിഫോം മാറ്റി പൊലീസ് സിവില്‍ വേഷത്തിലെത്തി. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പലരും കരഞ്ഞും വിറച്ചുമാണ് ക്ലാസുകളിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറയുകയുണ്ടായി. കടുത്ത മാനസിക പീഡനമാണ് കുട്ടികള്‍ നേരിട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പൊലീസ് അവരുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നുമാണ് പോലിസ് ഭാഷ്യം.


Tags:    

Similar News