വലിയ പാര്‍ട്ടികള്‍ക്ക് താന്‍ തൊട്ടുകൂടാത്തവനായിരുന്നു; മഹാസഖ്യത്തെ കടന്നാക്രമിച്ച് അസദുദ്ദിന്‍ ഉവൈസി
ബിഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് വരവറിയിച്ചതിനു പിന്നാലെ പ്രതികരണവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. ഇരു സഖ്യങ്ങളെയും കടന്നാക്രമിച്ചാണ് ഉവൈസി രംഗത്തെത്തിയത്.
ബിഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
'രാഷ്ട്രീയത്തില്‍ നാം തെറ്റുകളില്‍ നിന്നാണ് പാഠങ്ങള്‍ പഠിക്കുക. തങ്ങളുടെ ബിഹാര്‍ അധ്യക്ഷന്‍ ഓരോ പാര്‍ട്ടി നേതാക്കളെയും വ്യക്തിപരമായി കണ്ട് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങളെ തൊട്ടുകൂടാത്തവരായാണവര്‍ കണക്കാക്കിയത്. പ്രധാനപ്പെട്ട മുസ്‌ലിം നേതാക്കളെയടക്കം തങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല'.എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് നിങ്ങളോട് പറയാന്‍ കഴിയില്ല, ' അദ്ദേഹം പറഞ്ഞു.
2019ല്‍ കിഷന്‍ഖഞ്ച് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ അട്ടിമറി വിജയം നേടിക്കൊണ്ടാണ് എഐഎംഐഎം ബിഹാര്‍ രാഷ്ട്രീയ ഗോദയില്‍ തങ്ങളുടെ വരവറിയിച്ചത്.
ഒരുവര്‍ഷത്തിനിപ്പുറം നിയമസഭ തിരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകളില്‍ നേടിയിട്ടുണ്ട്.
'പ്രളയബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. മഹാമാരി വകവെക്കാതെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. കൂടുതല്‍ സീറ്റുകളില്‍ ജയിക്കാന്‍ ഞങ്ങള്‍ക്കായില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വോട്ട് വിഴുങ്ങികള്‍ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം' -ഉവൈസി കൂട്ടിച്ചേര്‍ത്തു.