ബിഹാറില്‍ പോളിങ് പൂര്‍ത്തിയായി-55.22 ശതമാനം; മഹാസഖ്യം അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും പോളിങ് പൂര്‍ത്തിയായി. കോസി-സീമാഞ്ചല്‍ മേഖല എന്നറിയപ്പെടുന്ന വടക്കന്‍ ബിഹാറിലെ 78 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ആകെ 55.22 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്ത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 56.66 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന മണ്ഡലങ്ങളായാണ് അന്തിമഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളെ വിശേഷിപ്പിക്കുന്നത്.
അതിനിടെ, വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. ഭൂരിഭാഗം എക്‌സിറ്റ് ഫലങ്ങളും മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യം 120 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ- സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മഹാസഖ്യം-120, എന്‍ഡിഎ-116, എല്‍ജെപി-1, മറ്റുള്ളവര്‍ 6 സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത് സര്‍വേ പ്രകാരം മഹാസഖ്യം 118-138 സീറ്റുകള്‍ നേടും. എന്‍ഡിഎ 91-117 സീറ്റുകള്‍, എല്‍ജെഡി 5-8 സീറ്റുകള്‍ എന്നിങ്ങനെയാണു പ്രവചിക്കുന്നത്.
എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും. ജെഡിയു 38-46 സീറ്റുകള്‍ വരെ നേടും. ബിജെപി 66-74, വിഐപി 0-4, എച്ച്എഎം 0-4, ആര്‍ജെഡി 81- 89 സീറ്റുകള്‍, കോണ്‍ഗ്രസ് 21-19, ഇടതുപാര്‍ട്ടികള്‍ 6-13 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. ആകെയുള്ള 243 സീറ്റുകളില്‍ 122 സീറ്റുകള്‍ നേടുന്നവര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക.
Bihar Polling completes; Exit polls suggest MGB